പുസ്തകത്തട്ട്
പുസ്തകത്തട്ട്
ത്രിതല പഞ്ചായത്ത് സംവിധാനം മുന്നോട്ടുവെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കൽപ്പനങ്ങളും എത്രമാത്രം ലക്ഷ്യം കൈവരിക്കുന്നുവെന്ന് ഇതിലെ നിരീക്ഷണങ്ങളും അനുഭവങ്ങളും വായനക്കാരെ ചിന്തിപ്പിക്കുന്നു.

വികേന്ദ്രീകൃതാസൂത്രണം : ചിന്തയും പ്രയോഗവും
നാടിന്റെ വികസന മുന്നേറ്റങ്ങളും ചലനങ്ങളും തൊട്ടറിയാനായി നടത്തിയ അഭിമുഖങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ രചന. ത്രിതല പഞ്ചായത്ത് സംവിധാനം മുന്നോട്ടുവെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കൽപ്പനങ്ങളും എത്രമാത്രം ലക്ഷ്യം കൈവരിക്കുന്നുവെന്ന് ഇതിലെ നിരീക്ഷണങ്ങളും അനുഭവങ്ങളും വായനക്കാരെ ചിന്തിപ്പിക്കുന്നു. ജനകീയാസൂത്രണത്തിന്റെ സാധ്യതകൾക്ക് കൂടുതൽ ശക്തി പകരാൻ ഈ രചന ഗുണകരമാകുമെന്ന് ഡോ. തോമസ് ഐസക്. ദി ഏഷ്യൻ ഗ്രാഫ്. പേജ് 114. വില 150 രൂപ.
ജുനൈദ് കൈപ്പാണി
അയൽപക്കത്തായം
വി ടി ജയദേവന്റെ ഏറ്റവും പുതിയ നോവൽ. ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ മനുഷ്യർ പരസ്പരം ഒന്നുചേരുക എന്ന കാഴ്ചപ്പാടിൽ രൂപം കൊണ്ട അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ മാധവൻ, ജാനകി എന്നിവരുടെ അലൗകിക പ്രണയത്തിന്റെ കഥ. അസൂയയും വെറുപ്പും വിദ്വേഷവും പകയും പ്രതികാരവുമെല്ലാം മനുഷ്യസ്നേഹമെന്ന മഹാപ്രവാഹത്തിൽ അലിഞ്ഞില്ലാതായി. അപരനും ചേർന്നതാണ് ഞാൻ എന്ന ഒരുമയുടെ സുന്ദരസങ്കൽപ്പത്തിലേക്കുയരുന്ന രചന. മാതൃഭൂമി ബുക്സ്. പേജ് 158. വില 250 രൂപ.
വി ടി ജയദേവൻ
കിത്താബ്
വായനക്കാരെ വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നതാണ് ഡോ. ഒ എസ് രാജേന്ദ്രന്റെ കഥാലോകം. ആ കഥകളില്‍ യഥാർഥ സംഭവങ്ങളും സാങ്കല്പിക സംഭവങ്ങളും യഥാർഥ കഥാപാത്രങ്ങളും സാങ്കല്പിക കഥാപാത്രങ്ങളും യഥേഷ്ടം കോര്‍ത്തിണക്കപ്പെടുന്നു. ഇത് അഞ്ച് ചെറുകഥകളുടെ സമാഹാരമാണ്. ഒരു ഡോക്ടര്‍ താന്‍ കണ്ടുമുട്ടുന്ന രോഗികളിലൂടെ ജീവിതത്തെയും ലോകത്തെയും വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന കഥകളാണ് ഈ രചനയുടെ ഉള്ളടക്കം. സാഹിത്യ ബുക്സ്. പേജ് 103. വില 200 രൂപ.
ഡോ. ഒ എസ് രാജേന്ദ്രൻ