Connect with us

From the print

ആകാശദുരന്തം: കരിപ്പൂര്‍ മുതല്‍ അഹമ്മദാബാദ് വരെ

അഞ്ച് വര്‍ഷം മുന്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ആ വിമാനാപകടത്തിന് മുന്പും പിന്പും രാജ്യത്തെ നടുക്കിയ ആകാശദുരന്തങ്ങള്‍ പലത് നടന്നു.

Published

|

Last Updated

അഞ്ച് വര്‍ഷം മുന്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ആ വിമാനാപകടത്തിന് മുന്പും പിന്പും രാജ്യത്തെ നടുക്കിയ ആകാശദുരന്തങ്ങള്‍ പലത് നടന്നു. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം ആ ഓര്‍മകളിലേക്ക് വീണ്ടുമെത്തിക്കുന്നു.

വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന പത്ത് വലിയ വിമാന ദുരന്തങ്ങള്‍:
കരിപ്പൂര്‍
2020 ആഗസ്റ്റ് ഏഴ്
ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നുവീണു. 21 പേരാണ് അപകടത്തില്‍ മരിച്ചത്. നനഞ്ഞ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി പിളരുകയായിരുന്നു.

മംഗലാപുരം
2010 മേയ് 22
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മംഗലാപുരം വിമാനത്താവള റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ ദുരന്തത്തില്‍ 158 പേര്‍ മരിച്ചു. മലയിടുക്കില്‍ വീണ വിമാനം കത്തിയമരുകയായിരുന്നു.

പാറ്റ്‌ന
2000 ജൂലൈ 17
അലയന്‍സ് എയര്‍ ഫ്‌ലൈറ്റ് ബോയിംഗ് വിമാനം പാറ്റ്‌ന വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണു. സംഭവത്തില്‍ 60ലധികം പേര്‍ മരിച്ചു. പൈലറ്റിന്റെ പിഴവ് കാരണം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.

ചാര്‍ഖി ദാദ്രി
1996 നവംബര്‍ 12
349 പേരുടെ മരണത്തിനിടയാക്കിയ ചാര്‍ഖി ദാദ്രി വിമാന കൂട്ടിയിടിയാണ് രാജ്യത്തെ ഏറ്റവും ദാരുണമായ വിമാന ദുരന്തങ്ങളിലൊന്ന്. സഊദി അറേബ്യന്‍ ബോയിംഗ് വിമാനവും കസാഖ്‌സ്താന്‍ എയര്‍ലൈന്‍സ് വിമാനവും ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലെയും യാത്രക്കാര്‍ മരിച്ചിരുന്നു. പൈലറ്റിന്റെ പിഴവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ആശയവിനിമയത്തിലെ പിഴവുമായിരുന്നു അപകട കാരണം.

ഔറംഗബാദ്
1993 ഏപ്രില്‍ 26
ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് വിമാനം ഔറംഗബാദില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം തകര്‍ന്നുവീഴുകയായിരുന്നു. ട്രക്കിലും വൈദ്യുതി ലൈനിലും ഇടിച്ച് 55 പേരാണ് ആ ദുരന്തത്തില്‍ മരിച്ചത്.

ഇംഫാല്‍
1991 ആഗസ്റ്റ് 16
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഇംഫാലിന് സമീപം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 69 പേരും മരിച്ചു.

ബെംഗളൂരു
1990, ഫെബ്രുവരി 14
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബെംഗളൂരുവില്‍ എത്തുന്നതിന് തൊട്ടുമുന്പ് തകര്‍ന്നുവീണ് 92 പേരാണ് മരിച്ചത്.

അഹമ്മദാബാദ്
1988 ഒക്ടോബര്‍ 19
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഹമ്മദാബാദില്‍ തകര്‍ന്ന് 133 പേര്‍ മരിച്ചു.

മുംബൈ
1982 ജൂണ്‍ 21
എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു.

മുംബൈ
1978 ജനുവരി ഒന്ന്
എയര്‍ ഇന്ത്യ ബോയിംഗ് വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം അറബിക്കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 213 പേരും ദുരന്തത്തില്‍ മരിച്ചു.

 

Latest