National
എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ; ഡൽഹി - അമൃത്സർ സർവീസിനിടെ സംഭവിച്ചത് എന്ത്? അടിയന്തര അന്വേഷണം
അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് മുന്നോടിയായി വിമാനം വീണ്ടും ഉയർത്തുന്ന പ്രക്രിയയ്ക്കിടയിലാണ് എയർ ഇന്ത്യ വിമാനം പാക് വ്യേമാതിർത്തിയിലേക്ക് കടന്നത്.
ന്യൂഡൽഹി | ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം നിയന്ത്രണരേഖ മറികടന്ന് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-നാണ് സംഭവം നടന്നത്. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് മുന്നോടിയായി വിമാനം വീണ്ടും ഉയർത്തുന്ന (go around) പ്രക്രിയയ്ക്കിടയിലാണ് എയർ ഇന്ത്യ വിമാനം പാക് വ്യേമാതിർത്തിയിലേക്ക് കടന്നത്.
എയർ ഇന്ത്യയുടെ എ ഐ 479 വിമാനമാണ് പാകിസ്താൻ വ്യോമാതിർത്തിയിൽ ഭാഗികമായി പ്രവേശിച്ചതെന്ന് എയർലൈൻ അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അമൃത്‌സറിലെ എയർ ട്രാഫിക് കൺട്രോൾ (എ ടി സി) വിമാനത്തോട് നിശ്ചിത പരിധിയിൽ (13 ഡി എം ഇ) തുടരാൻ നിർദ്ദേശിച്ചിരുന്നു.
എന്നാൽ എ ടി സി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ വിമാനത്തിലെ ജീവനക്കാർക്ക് സാധിച്ചില്ലെന്നാണ് വിവരം. തുടർന്ന് വിമാനം എ എ ആർ ലക്ഷ്യമാക്കി നീങ്ങുകയും ഇടത്തോട്ട് തിരിയുന്നതിനിടയിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന് പാകിസ്താൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ വ്യോമയാന മേഖലയിലെ ബന്ധപ്പെട്ട നിയന്ത്രണ അധികാരികൾക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർലൈൻ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്തിന് അതിർത്തി ലംഘിക്കേണ്ടി വന്ന സാഹചര്യം എന്താണെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Content Highlights
An Air India flight (AI479) from Delhi to Amritsar briefly entered Pakistani airspace on June 22 during a go-around manoeuvre. The aircraft drifted across the international border after failing to follow ATC instructions. Air India has reported the incident to regulators and initiated an internal probe.


