International
ജപ്പാനില്‍ ഇരട്ട ചുഴലിക്കാറ്റ് ഭീഷണി; കനത്ത ജാഗ്രത നിര്‍ദേശം
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.
ടോക്കിയോ| ജപ്പാനിലേക്ക് ഇരട്ട ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തെ പലയിടത്തും കാലവര്‍ഷം ശക്തമായതായും സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും പ്രധാനമന്ത്രി സനെയ് തകെയ്ച്ചി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റുകള്‍ എത്തുന്നതിന് മുമ്പുതന്നെ ജപ്പാനിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ട്.
ക്യുഷു മേഖലയില്‍ ലെവല്‍ 4 മഴ മുന്നറിയിപ്പും മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്. കഗോഷിമ പ്രിഫെക്ചറിലടക്കം ‘ലീനിയര്‍ പ്രെസിപ്പിറ്റേഷന്‍ ബാന്‍ഡുകള്‍’ രൂപപ്പെട്ടത് കനത്ത നാശനഷ്ടങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സാഹചര്യം കണക്കിലെടുത്ത് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ ലെവല്‍ 4 ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളോട് പൂര്‍ണ്ണമായി മാറിത്താമസിക്കാനാണ് നിര്‍ദേശം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൂടി മുന്നറിയിപ്പുകള്‍ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം, നദികളിലെ ജലനിരപ്പ് ഉയരല്‍, ഇടിമിന്നല്‍, ടൊര്‍ണാഡോകള്‍ എന്നിവക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ക്രൈസിസ് മാനേജ്മെന്റ് സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ ലെയ്സണ്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
Content Highlights:
Japan has issued high-level alerts as twin typhoons approach the country. Prime Minister Sanae Takaichi ordered immediate safety measures amid heavy rainfall and landslide risks in Kyushu. Authorities have issued level 4 evacuation orders for residents in vulnerable areas to relocate safely.




