Connect with us

Editors Pick

എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ജൂൺ 30നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ പാചകവാതക സബ്‌സിഡി മുടങ്ങും

നിശ്ചിത സമയത്തിനകം ഇ കെവൈസി പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി എം യു വൈ) ഗുണഭോക്താക്കൾ ഉൾപ്പെടെ രാജ്യത്തെ എൽപിജി പാചകവാതക ഉപഭോക്താക്കൾ 2026 ജൂൺ 30നകം തങ്ങളുടെ ഇ കെവൈസി (eKYC) പ്രക്രിയ പൂർത്തിയാക്കണമെന്ന് നിർദേശം. നിശ്ചിത സമയത്തിനകം ഇ കെവൈസി പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഉണ്ടായ എൽപിജി വിതരണ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ നിരവധി ചട്ടങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എൽപിജിക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ പി എം യു വൈ ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത പരിശോധന സർക്കാർ നിർബന്ധമാക്കിയിരുന്നു. നിലവിൽ ഇ കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ നിർദേശം ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ഇ കെവൈസി പൂർത്തിയാക്കിയ പി എം യു വൈ ഇതര ഉപഭോക്താക്കൾ ഇത് വീണ്ടും ചെയ്യേണ്ടതില്ല.

എങ്ങനെ ഇ കെവൈസി ചെയ്യാം?

ഉപഭോക്താക്കൾക്ക് ലളിതവും സുരക്ഷിതവുമായി തികച്ചും സൗജന്യമായി ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. ഇന്ത്യൻ ഓയിൽ വൺ ആപ്പ് വഴിയോ അതത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടർമാർ വഴിയോ എൽപിജി ഡെലിവറി ജീവനക്കാർ വഴിയോ ഇ കെവൈസി ചെയ്യാം.
വീട്ടിലിരുന്ന് തന്നെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ആധാർ അധിഷ്ഠിത ഫേസ് ബയോമെട്രിക് പരിശോധന നടത്തുന്നതിനുള്ള വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ വൺ ആപ്പും ആധാർ ഫേസ് ആർ ഡി ആപ്പും വഴിയും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹലോ ബി പി സി എൽ ആപ്പ് വഴിയും, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് എച്ച് പി പേ ആപ്പ് വഴിയും ഇ കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ഇൻഡെയ്ൻ ഗ്യാസ് (Indane Gas) ഇ കെവൈസി ചെയ്യുന്ന വിധം

  • ഘട്ടം 1: നിങ്ങളുടെ മൊബൈലിൽ (ആൻഡ്രോയിഡ് അല്ലെങ്കിൽ ഐ ഒ എസ്) ഗ്യാസ് സേവനങ്ങൾക്കായുള്ള ‘IndianOil One’ ആപ്പും, സുരക്ഷിതമായ ഫേസ് സ്കാനിങ്ങിനായി ‘AadhaarFaceRD’ ആപ്പും ഡൗൺലോഡ് ചെയ്യുക.
  • ഘട്ടം 2: IndianOil One ആപ്പ് ഓപ്പൺ ചെയ്ത ശേഷം, ഗ്യാസ് കണക്ഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകി സൈൻ അപ്പ് (Sign up) ചെയ്യുക.
  • ഘട്ടം 3: നിങ്ങളുടെ ക്യാഷ് മെമ്മോയിലോ സബ്‌സ്‌ക്രിപ്ഷൻ വൗച്ചറിലോ ഉള്ള 16 അക്ക എൽപിജി ഐഡി (LPG ID) ലിങ്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ഉപഭോക്തൃ വിവരങ്ങൾ സ്ക്രീനിൽ തെളിയും.
  • ഘട്ടം 4: ആപ്പിന്റെ ഹോം സ്ക്രീനിലുള്ള ‘My Profile’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: ഇവിടെ നിങ്ങളുടെ എൽപിജി വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘e-KYC’ എന്നതിൽ ടാപ്പ് ചെയ്യുക.
  • ഘട്ടം 6: സ്ക്രീനിൽ കാണിക്കുന്ന നിർദേശങ്ങളും നിബന്ധനകളും ശ്രദ്ധിച്ച് വായിച്ച ശേഷം സമ്മതം (Consent) നൽകുക.
  • ഘട്ടം 7: ഫേസ് ഓതന്റിക്കേഷൻ അഡ്വൈസറി പേജിലെ ടിക് ബോക്സ് സെലക്ട് ചെയ്ത ശേഷം ‘Face Scan’ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫേസ് ബയോമെട്രിക് പരിശോധന പൂർത്തിയാക്കുക. (ശ്രദ്ധിക്കുക: നിങ്ങളുടെ ആധാർ ബയോമെട്രിക് ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രക്രിയയ്ക്ക് മുൻപായി അത് അൺലോക്ക് ചെയ്യേണ്ടതാണ്).

ഭാരത് ഗ്യാസ് (Bharat Gas) ഇ കെവൈസി ചെയ്യുന്ന വിധം

  • ഘട്ടം 1: ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തങ്ങളുടെ മൊബൈലിൽ ‘Hello BPCL’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ഘട്ടം 2: ആപ്പ് ഓപ്പൺ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ഘട്ടം 3: ആപ്പിന്റെ ഹോംപേജിൽ കാണുന്ന ‘e-KYC’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഘട്ടം 4: ഇ കെവൈസി ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന പേജിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന 6 അക്ക ഒടിപി (OTP) നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • ഘട്ടം 5: വെരിഫിക്കേഷന് ശേഷം സ്ക്രീനിൽ കാണിക്കുന്ന നിബന്ധനകൾ വായിച്ച് സമ്മതം നൽകുക.
  • ഘട്ടം 6: തുടർന്ന് ‘Proceed’ ബട്ടണിൽ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കുക.

എച്ച് പി ഗ്യാസ് (HP Gas) ഇ കെവൈസി ചെയ്യുന്ന വിധം

  • ഘട്ടം 1: എച്ച് പി ഗ്യാസ് ഉപഭോക്താക്കൾ ‘HP Pay’ ആപ്പും ഒപ്പം ‘Aadhaar FaceRD’ ആപ്പും ഡൗൺലോഡ് ചെയ്യുക.
  • ഘട്ടം 2: HP Pay ആപ്പ് ഓപ്പൺ ചെയ്ത് ‘Register’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് എച്ച് പി ഗ്യാസ് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകുക.
    ഘട്ടം 3: നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ നടത്തുക.
  • ഘട്ടം 4: ഭാവിയിൽ ആപ്പ് എളുപ്പത്തിൽ തുറക്കുന്നതിനായി ഒരു 4 അക്ക എംപിൻ (MPIN) സെറ്റ് ചെയ്യുക.
  • ഘട്ടം 5: ഈ എംപിൻ ഉപയോഗിച്ച് ആപ്പിലേക്ക് ലോഗിൻ ചെയ്യുക, ഒപ്പം ലൊക്കേഷൻ പെർമിഷൻ (Location access) അനുവദിക്കുക.
  • ഘട്ടം 6: ആപ്പിലെ ‘MY HP’ എന്ന സെക്ഷനിൽ പോയി ‘LPG’ എന്നത് തിരഞ്ഞെടുക്കുക.
  • ഘട്ടം 7: അവിടെ കാണുന്ന ‘e-KYC’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിബന്ധനകളുടെ പേജ് ദൃശ്യമാകും.
  • ഘട്ടം 8: നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിച്ച് സമ്മതം നൽകിയ ശേഷം ‘Capture Face’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 9: ഇതോടെ ആധാർ ഫേസ് ആർഡി ആപ്പ് തുറന്നുവരും. സ്ക്രീനിൽ കാണിക്കുന്ന നിർദേശങ്ങൾ പാലിച്ച് മുഖം സ്കാൻ ചെയ്യുന്നതോടെ എച്ച് പി ഗ്യാസ് ഇ കെവൈസി വിജയകരമായി പൂർത്തിയാകും.

 

Content Highlights

Indian Oil Corporation has issued a new advisory making eKYC mandatory for LPG consumers before June 30, 2026, to keep their subsidy active. The rule applies to Indane, BharatGas, and HP Gas users who haven’t done it yet. Verification can be completed online via official mobile apps.

---- facebook comment plugin here -----

Latest