From the print
ഏറ്റവും സുരക്ഷിതം പക്ഷേ...
2011ന് ശേഷം ആയിരത്തോളം വിമാനങ്ങള്‍ വിതരണം ചെയ്ത കുറ്റമറ്റ റെക്കോര്‍ഡാണ് ഇതിനുള്ളത്.

പതിനാല് വര്‍ഷം മുന്പ് അവതരിപ്പിക്കപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനര്‍ അതീവ സുരക്ഷക്ക് പേരുകേട്ട വിമാനമാണ്. 2011ന് ശേഷം ആയിരത്തോളം വിമാനങ്ങള്‍ വിതരണം ചെയ്ത കുറ്റമറ്റ റെക്കോര്‍ഡാണ് ഇതിനുള്ളത്. ‘എക്കാലത്തും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസ്സഞ്ചര്‍ വൈഡ് ബോഡി’ എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ ഈ വിമാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ നൂറ് കോടിയിലധികം യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിച്ച റെക്കോര്‍ഡും ഈ വിമാനത്തിനുണ്ട്.
വ്യോമയാന ചരിത്രത്തില്‍ മറ്റേതൊരു ജെറ്റിനേക്കാളും വേഗവും ഇന്ധനക്ഷമതയും ഇതിനുണ്ടെന്നാണ് വിലയിരുത്തല്‍.
ദീര്‍ഘദൂര വിമാനത്തിന് 13,530 കിലോമീറ്റര്‍ റേഞ്ചുണ്ട്. ഭൂഖണ്ഡാന്തര വിമാനങ്ങള്‍ക്കായി ഈ എയര്‍ലൈനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. 248 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി. ‘പോയിന്റ്- ടു- പോയിന്റ്’ സേവനങ്ങള്‍ക്കും ഈ വിമാനം ഉപയോഗിക്കുന്നു. അതായത്, ഭാരമേറിയ വിമാനങ്ങള്‍ ഉപയോഗിക്കുന്ന ‘ഹബ്’ സിസ്റ്റത്തിനു പകരം ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് പറക്കാന്‍ ബോയിംഗ് 787- 8 ഡ്രീംലൈനറിന് കഴിയും. 180 പോയിന്റ്- ടു- പോയിന്റ്‌റൂട്ടുകളില്‍ 787- 8 പറക്കുന്നുണ്ടെന്ന് ബോയിംഗ് വ്യക്തമാക്കുന്നു.
ജപ്പാനിലെ ആള്‍ നിപ്പോണ്‍ എയര്‍വേയ്സാണ് ഈ വിമാനം ആദ്യമായി സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ലോകത്തെങ്ങുമുള്ള 80ലധികം എയര്‍ലൈനുകള്‍ 2,598 വിമാനങ്ങള്‍ സ്വന്തമാക്കി. 889 വിമാനങ്ങള്‍ ഇപ്പോള്‍ ഡെലിവറിക്കായി കാത്തിരിക്കുന്നു.