Connect with us

National

അമേരിക്കയുടെ അധിക തീരുവ; ദേശീയ താല്‍പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

കര്‍ഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്ക ഇന്ത്യക്കുമേല്‍ അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തില്‍ ദേശീയ താല്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാല്‍ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യ സുഹൃത്താണെങ്കിലും അവര്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന തീരുവകളാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചര്‍ച്ച നടത്തി. തുടര്‍ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യ അമേരിക്ക വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവയില്‍ തട്ടി ഇത് വഴിമുട്ടിയതോടെയാണ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ കെട്ടിക്കിടക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തേടുകയാണ് ട്രംപെന്ന് ഉന്നത വ്യത്തങ്ങള്‍ പറഞ്ഞു. തീരുമാനം നടപ്പാക്കിയാല്‍ ടെക്‌സ്‌റ്റൈല്‍സ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ബാധിക്കും. മേഖലയിലെ പല രാജ്യങ്ങള്‍ക്കും ട്രംപ് പ്രഖ്യാപിച്ച തീരുവയെക്കാള്‍ കൂടുതലാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്.

അടുത്ത മാസം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യയില്‍ എത്താനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തീരുമാനം നീട്ടി വയ്ക്കണം എന്ന ആവശ്യം ഇന്ത്യ അമേരിക്കയെ അറിയിക്കും. നരേന്ദ്ര മോദി ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാനും സാധ്യതയുണ്ട്. എന്തുകൊണ്ട് ട്രംപിന്റെ പ്രഖ്യാപനത്തെ ഇന്ത്യയ്ക്ക് ശക്തമായി എതിര്‍ക്കാനാകുന്നില്ല എന്ന് കോണ്‍ഗ്രസ് ചോദിച്ചു. മോദിയുടെ മൃദു നിലപാട് ഇന്ത്യയുടെ താല്പര്യങ്ങളെ ബാധിക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest