Kerala
എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: അന്വേഷണത്തലപ്പത്ത് എസ് ശശിധരന്‍ തുടരും
വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി | വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല വീണ്ടും എസ് ശശിധരന്‍ ഐ പി എസിന്. എസ് ശശിധരന്‍ തന്നെ അന്വേഷണ സംഘത്തിന്റെ തലവനായി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.
വെള്ളാപ്പള്ളി നടേശന്‍, എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ- ഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ (കെ എസ് ബി സി ഡി സി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
എസ് ശശിധരനെ നേരത്തേ കേരള പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ എസ് എന്‍ ഡി പി സംരക്ഷണ സമിതി നേതാവ് എം എസ് അനില്‍ നല്‍കിയ ഹരജ ിയിലാണ് സിംഗിള്‍ ബഞ്ചിന്റെ നടപടി.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് തട്ടിപ്പിനെതിരെ പരാതി നല്‍കിയത്. വി എസ് അച്യുതാനന്ദന്‍ അന്തരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ഇക്കാര്യം ചോദ്യം ചെയ്താണ് അനില്‍ ഹൈക്കോടതിയെ സമീപിച്ചത്.