Connect with us

International

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം; ദ്വിരാഷ്ട്ര പരിഹാരത്തിന് ആഹ്വാനം ചെയ്ത് സഊദിയും ഫ്രാന്‍സും

ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള വിശദമായ അന്താരാഷ്ട്ര റോഡ് മാപ്പ് തയ്യാറാക്കണം.

Published

|

Last Updated

ന്യൂയോര്‍ക്ക് | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സും സഊദി അറേബ്യയും ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയില്‍ സംയുക്ത പ്രഖ്യാപനം നടത്തി. ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള വിശദമായ അന്താരാഷ്ട്ര റോഡ് മാപ്പ് തയ്യാറാക്കണമെന്നും ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നടന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനത്തിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു ന്യൂയോര്‍ക്ക് സമ്മേളനം. ഇസ്‌റാഈലിനൊപ്പം സ്വതന്ത്രവും പരമാധികാരവുമായ ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വിഷയങ്ങളും സമ്മേളനത്തില്‍ വിശദീകരിച്ചു.

സമ്മേളനത്തിനിടെ വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ അന്താരാഷ്ട്ര പങ്കാളികളായ ബ്രസീല്‍, ഈജിപ്ത്, ജപ്പാന്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ‘അഭൂതപൂര്‍വമായ ആഗോള സമവായം’ എന്ന് വിശേഷിപ്പിക്കുകയും ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 60,034 പേര്‍ കൊല്ലപ്പെടുകയും 1,45,870 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍, ‘ഏറ്റവും മോശം ക്ഷാമ സാഹചര്യമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ തോതിലുള്ള സിവിലിയന്‍ നാശനഷ്ടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായ ഗസ്സയിലെ ഇസ്‌റാഈലി സൈനിക നടപടികളെയും സമ്മേളനം അപലപിച്ചു.

ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ഗസ്സയും വെസ്റ്റ് ബേങ്കും വീണ്ടും ഒന്നിപ്പിക്കണമെന്നും, ഹമാസ് ഗസ്സയിലെ അധികാരം ഉപേക്ഷിച്ച് ആയുധങ്ങള്‍ വച്ച് കീഴടങ്ങണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെ ഒരു പരിവര്‍ത്തന ഭരണ സമിതി ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരത്തിന്‍ കീഴില്‍ സ്ഥാപിക്കപ്പെടണം. ഇത് സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും സുരക്ഷാ, ഭരണ പരിവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനുമായി താത്ക്കാലികമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഒരു സ്ഥിരത നിലനിര്‍ത്തും. ഒരു രാഷ്ട്രീയ പരിഹാരത്തിന് മാത്രമേ സമാധാനമോ സുരക്ഷയോ നല്‍കാന്‍ കഴിയൂ എന്നും സമ്മേളനം വിലയിരുത്തി.

ശത്രുത അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഉറപ്പാക്കുന്നതിനും ഈജിപ്ത്, ഖത്വര്‍, യു എസ് എന്നിവയുടെ മധ്യസ്ഥതയില്‍ ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനടി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് വിശാലമായ അന്താരാഷ്ട്ര പിന്തുണയും പ്രഖ്യാപനം വാഗ്ദാനം ചെയ്തു.

Latest