Connect with us

Kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍

തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കൊല്ലം| കൊല്ലം തേവലക്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കി.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് നേരത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തള്ളിയിരുന്നു. വീഴ്ച വരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു. മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെയായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമായിരുന്നുവെന്നും മന്ത്രി  ആവശ്യപ്പെട്ടിരുന്നു.