National
ധര്‍മസ്ഥലയില്‍ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി
മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് അസ്ഥികൂട ഭാഗങ്ങള്‍ ലഭിച്ചത്

ബെംഗളൂരു | ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്ത് നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയ ആറാം നമ്പര്‍ സ്പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് അസ്ഥികൂട ഭാഗങ്ങള്‍ ലഭിച്ചത്. അതേ സമയം ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.ഫൊറന്‍സിക് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണസംഘത്തിനൊപ്പം ഉണ്ടായിരുന്നു. അസ്ഥികൂട ഭാഗങ്ങള്‍ ഇവര്‍ തുടര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയിരുന്നു. അവിടെ ചില സ്ഥലങ്ങളില്‍ രണ്ടുദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇനിയും പോയിന്റുകളില്‍ പരിശോധന ബാക്കിയുണ്ട്. എസ്ഐടി തലവന്‍ ജിതേന്ദ്ര ദയാമയും, പുത്തൂര്‍ എസി സ്റ്റെല്ല വര്‍ഗീസുമാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. പ്രദേശത്ത് സായുധ പൊലീസിന്റെ കാവലുമുണ്ട്.
സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടിവന്നെന്നും, ഇതില്‍ പലതും ക്രൂരബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014ല്‍ ജോലി വിട്ടതെന്നും, കുറ്റബോധത്താലാണ് താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും തൊഴിലാളി വ്യക്തമാക്കിയിരുന്നു