Connect with us

Uae

അബൂദബി; റമസാനിൽ ഉച്ചക്ക് രണ്ട് മുതൽ നാല് വരെ റോഡപകടങ്ങൾ വർധിക്കുന്നു

വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം

Published

|

Last Updated

അബൂദബി | വിശുദ്ധ റമസാൻ മാസത്തിൽ ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ രാജ്യത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതായി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചക്ക് രണ്ട് മണി മുതൽ നാല് മണി വരെയുള്ള സമയമാണ് റോഡുകളിൽ ഏറ്റവും അപകടകരമായി മാറുന്നത്. നോമ്പ് തുറക്കുന്നതിനായി വേഗത്തിൽ വീട്ടിലെത്താനുള്ള തിടുക്കവും ഡ്രൈവർമാർക്കിടയിലുള്ള ക്ഷീണവും ഏകാഗ്രതക്കുറവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
റമസാൻ മാസത്തിലെ അപകട നിരക്കുകൾ വിശകലനം ചെയ്തതിൽ നിന്നാണ് ഈ പ്രത്യേക സമയങ്ങളിലെ അപകട സാധ്യത വ്യക്തമായത്. നോമ്പ് സമയത്തെ ഉറക്കക്കുറവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ റോഡുകളിലുണ്ടാകുന്ന കനത്ത തിരക്കും അമിതവേഗതയും അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റ് യാത്രക്കാരുടെ സുരക്ഷ കൂടി പരിഗണിക്കണമെന്നും പോലീസ് നിർദേശിച്ചു.
അപകടങ്ങൾ കുറയ്ക്കുന്നതിനായി റമസാൻ മാസത്തിൽ റോഡുകളിൽ പരിശോധന ശക്തമാക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. ദീർഘദൂര യാത്ര ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണം. ഇഫ്താർ സമയം വൈകുകയാണെങ്കിൽ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി നോമ്പ് തുറക്കണമെന്നും അല്ലാതെ വേഗത കൂട്ടി അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നും അധികൃതർ ഓർമിപ്പിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Latest