Kerala
കോര്‍പറേഷന്‍ ജീവനക്കാരാണെന്ന വ്യാജേന ഫ്ലാറ്റിൽ കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ സംഘം കവര്‍ന്നു
തിരുവനന്തപുരം| നാലംഗ സംഘം ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മണക്കാട് മുക്കോലക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാര്‍ട്ട്മെന്റിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്‌ളാറ്റിലെത്തിയത്.
കോര്‍പറേഷന്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ ഒരു സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കൃത്യം നടത്തിയത്. ഇവരെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. വയോധികയെ ആക്രമിച്ച് തള്ളിയിട്ട ശേഷം കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ സംഘം കവര്‍ന്നു. മകന്‍ ജോലിക്ക് പോയ നേരത്ത് വയോധിക തനിച്ചാണെന്ന് മനസിലാക്കിയായിരുന്നു മോഷണം. ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. സംഘത്തിലെ രണ്ടുപേര്‍ മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചു. കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കി കോര്‍പ്പറേഷന്‍ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് രണ്ടുപേര്‍ വാതില്‍ക്കല്‍ എത്തിയത്. വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.




