Kerala
ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം; സോഷ്യല്‍ മീഡിയയിലേക്ക് വ്യാപിപ്പിച്ച് പോലീസ്
ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടി ഫോളോ ചെയ്തിരുന്ന അക്കൗണ്ടുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
കൊച്ചി | പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സോഷ്യല്‍ മീഡിയയിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടി ഫോളോ ചെയ്തിരുന്ന് അക്കൗണ്ടുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
‘ബ്ലാക്ക് വെനം’ ആണ് ആദിത്യ ഫോളോ ചെയ്തിരുന്നതിലെ പ്രധാന അക്കൗണ്ടുകളിലൊന്ന. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചിരുന്ന ഈ പേജില്‍ 30 പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഒരു ഫോണ്‍ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്താണ് ബ്ലാക്ക് വെനം എന്ന അക്കൗണ്ടിലുണ്ടായിരുന്നവര്‍ ഈ പേജ് ഉപയോഗിച്ചിരുന്നത് എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിന് പിന്നാലെ അക്കൗണ്ടിലെ എല്ലാവരും അണ്‍ഫോളോ ചെയ്തതായും ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതായും പറഞ്ഞു.
കഴിഞ്ഞ മാസം 27നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കരയില്‍ വെച്ചിരുന്ന സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരണപ്പെട്ടതിന്റെ വിഷമം സഹിക്കാനാകാതെയാണ് താന്‍ ജീവന്‍ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്.കിണര്‍ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ.
ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. നിലവില്‍ പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്.




