International
ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തട്ടെ; വ്യാപാരബന്ധത്തെ ശപിച്ച് ട്രംപ്
ഇരു രാജ്യങ്ങളുടെതും മരിച്ച സമ്പദ്‌വ്യവസ്ഥകളെന്ന് ആക്ഷേപം

വാഷിംഗ്‌ടൺ | വ്യാപാരബന്ധത്തിൽ കുപിതനായി ഇന്ത്യയെയും റഷ്യയെയും ശപിച്ച് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കടുത്ത വിമർശനമാണ് ട്രംപ് നടത്തിയത്. ഇന്ത്യയുടെതും റഷ്യയുടെതും മരിച്ച സമ്പദ്‌വ്യവസ്ഥകളാണെന്നും ഇരുവരുടെയും സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തട്ടെയെന്നും ട്രംപ് പറഞ്ഞു.
‘ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളൂ. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യു എസും തമ്മിൽ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്‌വെദേവിനോട് വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാൾ കൈവെക്കുന്നത്’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തി മണിക്കൂറുകൾക്ക് ശേഷമാണ് ശാപവാക്കുകളുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും നാളെ മുതൽ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു. ഇവയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.