Connect with us

Kerala

ആന്റണി ഇറങ്ങിയതില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത; മുത്തങ്ങ ക്ഷമാപണം തള്ളി സി കെ ജാനു

നിയമ സഭയില്‍ പതിപക്ഷം കഴിവുകെട്ടതെന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത നീക്കം നടന്നതായി ഒരു വിഭാഗം

Published

|

Last Updated

തിരുവനന്തപുരം | നീണ്ട ഇടവേളക്കു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസ്സില്‍ ഭിന്നാഭിപ്രായം. ജനങ്ങള്‍ മറന്നു കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്തെ പോലീസ് അതിക്രമങ്ങള്‍ ഓര്‍മയില്‍ കൊണ്ടുവരാന്‍ എ കെ ആന്റണിയുടെ അസ്ഥാനത്തെ ക്ഷമാപണം വഴിയൊരുക്കിയെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.

പ്രതിപക്ഷത്തിന്റെ പ്രകടനം മോശമാണെന്നു വരുത്തിത്തീര്‍ക്കാനാണ് വിരമിച്ച എ കെ ആന്റണിയെ ഒരു വിഭാഗം വീണ്ടും രംഗത്തിറക്കിയതെന്നും ആരോപണമുണ്ട്. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സര്‍ക്കാര്‍ അവതരണാനുമതി നല്‍കിയതോടെ പ്രതിപകക്ഷം വെട്ടിലായെന്നും സഭയില്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും നല്‍കിയ മറുപടിക്കുമുമ്പില്‍ പ്രതിപക്ഷം നിരായുധരായെന്നുമാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കരുതുന്നത്. ഇവരാണ് എ കെ ആന്റണിയെ രംഗത്തിറക്കിയതെന്നാണ് കരുതുന്നത്.

ആന്റണി വിശദീകരണവുമായി ഇറങ്ങിയത് നേട്ടത്തേക്കാള്‍ കോട്ടമാണെന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശിവഗിരി സംഭവത്തിലടക്കം മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിനായില്ലെന്നും ഈ സാഹചര്യത്തിലാണ് അവശതയിലും ആന്റണിക്ക് പ്രതിരോധവുമായി ഇറങ്ങേണ്ടി വന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പഴയ സംഭവങ്ങളില്‍ എ കെ ആന്റണിയുടെ അസ്ഥാനത്തെ ഏറ്റുപറച്ചിലുകൊണ്ട് ഗുണമുണ്ടെന്നും ഇല്ലെന്നുമുള്ള വാദം പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നു കളികാണുന്ന ചിലരാണ് ആന്റണിയെ കളത്തില്‍ ഇറക്കി പ്രതിപക്ഷനേതാവിനെ അടക്കം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, മുത്തങ്ങയിലെ പോലീസ് അതിക്രമണങ്ങളെക്കുറിച്ച് ശക്തമായ പ്രതികരണവുമായി സി കെ ജാനു രംഗത്തുവന്നു. ആന്റണി ഭരണത്തില്‍ മുത്തങ്ങയില്‍ നേരിട്ടത് കൊടിയ മര്‍ദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അര്‍ഹതയില്ലെന്നും സി കെ ജാനു പറഞ്ഞു. അന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഡനത്തിന് വിധേയമായി. ആ വേദന അങ്ങനെ തന്നെ നിലനില്‍ക്കും. വൈകിയ വേളയില്‍ ആണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്.

അവിടെ സമരം ചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം ആയെങ്കിലും ആ പ്ലോട്ട് പോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ല. മുത്തങ്ങയില്‍ വെടിവെപ്പ് ഒഴിവാക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നു. വെടിവെപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു.

എന്നാല്‍ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് എതിരായിരുന്നു. ആദിവാസി ഭൂമി വിതരണത്തിന് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. അതൊക്കെ അംഗീകരിക്കുമ്പോള്‍ തന്നെ മുത്തങ്ങയിലെ വെടിവെപ്പും അക്രമവും പൈശാചികമായിരുന്നു എന്നുതന്നെയാണ് വിലയിരുത്തുന്നതെന്നും ജാനു പറഞ്ഞു.

 

 

Latest