Connect with us

Kerala

ചിത്തിരപുരത്ത് അനധികൃത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവം; റിസോര്‍ട്ട് സൂപ്പര്‍വൈസര്‍ കസ്റ്റഡിയില്‍

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Published

|

Last Updated

ഇടുക്കി| അടിമാലി ചിത്തിരപുരത്ത് അനധികൃത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് സൂപ്പര്‍വൈസര്‍ കസ്റ്റഡിയില്‍. മിസ്റ്റി വണ്ടേഴ്‌സ് റിസോര്‍ട്ടിന്റെ സൂപ്പര്‍വൈസറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അപകടത്തില്‍ റിസോര്‍ട്ട് ഉടമ ഷെറിന്‍ അനിലയും പ്രതിയാകും. പള്ളിവാസല്‍ വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവല്‍ പോലീസിന്റെ നടപടി. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ വ്യാപക അപാകതയാണ് ഉണ്ടായിട്ടുള്ളത്. റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നും  മാസങ്ങളായി അനധികൃത നിര്‍മ്മാണം തുടര്‍ന്നിട്ടും റവന്യൂ വകുപ്പ് ഇടപെട്ടില്ലെന്നുമാണ് കണ്ടെത്തല്‍.

മിസ്റ്റി വണ്ടേഴ്‌സ് റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി മണ്ണ് എടുക്കവേയാണ് മറുവശത്ത് തിട്ട ഇടിഞ്ഞ് വീണ് അപകടം ഉണ്ടായത്. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തി മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. വില്ലേജ് ഓഫീസര്‍ പൂട്ടി സീല്‍ വച്ച കെട്ടിടത്തില്‍ അനുമതി ഇല്ലാതെ വീണ്ടും നിര്‍മ്മാണം പുരോഗമിക്കവെയാണ് അപകടം. ഒരുമണിക്കൂറിലേറെ തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. ആനച്ചാല്‍ സ്വദേശി രാജീവ്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. അടിമാലി താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

 

Latest