Connect with us

National

ധര്‍മസ്ഥലയിലെ മൂന്നിടങ്ങളില്‍ നടത്തിയ കുഴിയെടുക്കലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല

മുന്‍ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരമാണ് കുഴിയെടുക്കല്‍ നടന്നത്

Published

|

Last Updated

മംഗളൂരു | മൃതദേഹങ്ങള്‍ മറവുചെയ്തതായി മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ ധര്‍മസ്ഥലയിലെ 13 സ്ഥലങ്ങളില്‍ ആദ്യത്തെ മൂന്നിടങ്ങളില്‍ നടത്തിയ കുഴിയെടുക്കലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.

പ്രത്യേക അന്വേഷണ സംഘത്തോട് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം മൂന്നിടങ്ങളില്‍ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. വിവിധ സ്‌പോട്ടുകളിലും വനമേഖലയിലും അടക്കം നൂറിലേറെ മൃതദേങ്ങള്‍ മറവുചെയ്തു എന്ന് പരാതിക്കാരന്‍ പറയുന്നത്.
എസ് ഐ ടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തലേന്ന് മഴയും മണല്‍ ഇടിയലും കാരണം ഖനനം ദുഷ്‌കരമായ നേത്രാവതി കുളിക്കടവില്‍ നിന്നാണ് കുഴിക്കാന്‍ തുടങ്ങിയത്. വൈകിട്ടോടെ മൂന്നിടങ്ങളില്‍ ഖനനം നടത്തി.

രാവിലെ 10ന് പരാതിക്കാരന്‍ തന്റെ അഭിഭാഷകരോടൊപ്പം ബെല്‍ത്തങ്ങാടിയിലെ എസ് ഐ ടി ഓഫീസില്‍ എത്തി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം ഖനന സ്ഥലത്തേക്ക് പോയത്. നേരത്തെ മംഗളൂരു കദ്രിയിലെ പൊതുമരാമത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു പരാതിക്കാരനെ ചോദ്യം ചെയ്യലും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാര്‍ ദയാമ, എസ്പി സൈമണ്‍, പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ്, ബെല്‍ത്തങ്ങാടി തഹസില്‍ദാര്‍ പൃഥ്വി സാനികന്‍, കെ എം സി മംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ സംഘം, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘം, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡൗസേഴ്സ് (ഐ എസ് ഡി) യിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാമത്തെ സ്‌പോട്ട് മുതല്‍ വനം വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന ഇടങ്ങളാണ്. മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാവുമെന്നതിനാല്‍ തൊഴിലാളികളാണ് ഇവിടെ ഖനനം നടത്തുക. അതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡി ജി പി ഡോ. പ്രണബ് കുമാര്‍ മൊഹന്തി ബുധനാഴ്ച വൈകിട്ട് ധര്‍മ്മസ്ഥല നേത്രാവതി കുളിക്കടവില്‍ ഖനനം നടത്തിയ സ്ഥലം സന്ദര്‍ശിച്ചു.

Latest