Connect with us

Kerala

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്; കേരളത്തില്‍ പ്രതിഷേധം കടുക്കുന്നു

ഇന്ന് അങ്കമാലിയിലും ചെറുതോണിയിലും പ്രതിഷേധ സംഗമങ്ങള്‍

Published

|

Last Updated

കൊച്ചി | ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരായി കേരളത്തില്‍ പ്രതിഷേധം കടുക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ പ്രതിഷേധ സംഗമം നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് അഞ്ചു മണിക്ക് അങ്കമാലി കിഴക്കേ പളളിയില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു. അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും വിവിധ അല്‍മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. വൈകുന്നേരം 5.30 ന് വഞ്ചിക്കവലയില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അബ്രഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും.

റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധ സമ്മേളനം രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും.

Latest