Connect with us

From the print

തീൻമേശയിൽ ചിറകടിച്ചെത്തിയ ദുരന്തം

യുവ ഡോക്ടര്‍മാര്‍ വിളന്പിവെച്ച ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുന്‌പോഴായിരിക്കണം എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് അവര്‍ക്കുമേല്‍ പതിച്ചത്.

Published

|

Last Updated

അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റലില്‍ ഉച്ചഭക്ഷണ സമയമായിരുന്നു. യുവ ഡോക്ടര്‍മാര്‍ വിളന്പിവെച്ച ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുന്‌പോഴായിരിക്കണം എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് അവര്‍ക്കുമേല്‍ പതിച്ചത്. ഹോസ്റ്റല്‍ കെട്ടിടം പാടേ തകര്‍ന്നു. അപകടത്തില്‍ അഞ്ച് എം ബി ബി എസ് വിദ്യാര്‍ഥികള്‍ മരിച്ചുവെന്നാണ് വിവരം. ഇവരില്‍ നാല് പേര്‍ യു ജി വിദ്യാര്‍ഥികളും ഒരാള്‍ പി ജി റെസിഡന്റുമാണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വിമാനം തകര്‍ന്നുവീണ സമയം ഹോസ്റ്റല്‍ മെസ്സില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഭക്ഷണം വിളമ്പിയ പ്ലേറ്റുകളും ഗ്ലാസ്സുകളും ഉള്‍പ്പെടെ ഹോസ്റ്റല്‍ മെസ്സിലെ മേശകള്‍ക്കു മീതേ കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്ന സമയവും ഡ്യൂട്ടി ഷിഫ്റ്റ് മാറുന്ന സമയവുമായതിനാല്‍ മെസ്സില്‍ നിരവധി പേര്‍ ഉണ്ടായിരുന്നിരിക്കണം. അതേസമയം, പല വിദ്യാര്‍ഥികളും ഭക്ഷണത്തിനെത്താന്‍ വൈകിയത് കൂടുതല്‍ അപകടം ഒഴിവാക്കിയെന്നും റിപോര്‍ട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ കുടുംബത്തിന് ഇതൊരു കറുത്ത ദിനമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ദേശീയ വക്താവ് ഡോ. ധ്രുവ് ചൗഹാന്‍ എക്‌സില്‍ കുറിച്ചു. ‘ഇതെഴുതുന്‌പോള്‍ എന്റെ കൈവിറയ്ക്കുന്നു. അഹമ്മദാബാദിലെ ബി ജെ എം സി മെഡിക്കല്‍ കോളജ് യു ജി ഹോസ്റ്റലില്‍ എയര്‍ ഇന്ത്യ വിമാനാപകടം മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും ജീവനെടുത്തു. അവര്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു’- ചൗഹാന്‍ സാമൂഹിക മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

തീഗോളമായി നിലംപതിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ അങ്ങിങ്ങായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിന്റെ വാല്‍ഭാഗം ഹോസ്റ്റലിന്റെ തകര്‍ന്ന പിന്‍ചുമരില്‍ ഇടിച്ചുനില്‍ക്കുന്ന ചിത്രമാണ് അതിലൊന്ന്. മറ്റൊരു ചിത്രത്തില്‍ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ ഹോസ്റ്റലിന്റെ മതിലില്‍ തങ്ങിനില്‍പ്പുണ്ട്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടുക്കള ഭാഗത്ത് തീപ്പിടിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹോസ്റ്റലിന് പുറത്ത് കത്തിക്കരിഞ്ഞ മരങ്ങള്‍ക്കരികിലും വിമാന ഭാഗങ്ങള്‍ കാണാം.

 

---- facebook comment plugin here -----

Latest