National
മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രത്യേക എന്‍ ഐ എ കോടതി ഇന്നു വിധി പറയും
മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്

മുംബൈ | 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രത്യേക എന്‍ ഐ എ കോടതി (മുംബൈ) ഇന്നു വിധി പറയും. ബി ജെ പി മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരാണ് വിചാരണ നേരിട്ടത്.രാമചന്ദ്ര കല്‍സങ്കര അടക്കം രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്.
2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്.
ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. കര്‍ക്കരെ പിന്നീട് മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടു. 11 പേരെയാണ് എ ടി എസ് അറസ്റ്റ് ചെയ്തത്. 2011ല്‍ എന്‍ ഐ എ കേസ് ഏറ്റെടുത്തതോടെ, നാലു പേരെ ഒഴിവാക്കുകയും ‘മകോക’ നിയമം പിന്‍വലിക്കുകയും ചെയ്തു. പ്രജ്ഞസിങ്ങിനെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
323 സാക്ഷികളില്‍ 30 ഓളം പേര്‍ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരില്‍ 37 പേര്‍ വിചാരണക്കിടെ കൂറു മാറുകയും ചെയ്തു. കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക എന്‍ ഐ എ കോടതി ജഡ്ജി എ കെ ലാഹോട്ടിയെ നാസിക്കിലേക്ക് മാറ്റിയതും വിവാദമായിരുന്നു. കേസില്‍ വിധി പറയാനിരിക്കെയായിരുന്നു എ കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. 2008ല്‍ നടന്ന സ്‌ഫോടനക്കേസില്‍ 17 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയായിരുന്നു ജഡ്ജിമാരെ സ്ഥലംമാറ്റിയത്.