Connect with us

Kerala

ബി കെ എഫ്: സംവാദത്തിന്റെ വാതിലുകള്‍ തുറന്ന് അറിവാഘോഷത്തിന് പ്രൗഢസമാപ്തി

നാല് വേദികളിലായി നൂറോളം സെഷനുകളില്‍ ഇരുന്നൂറിലേറെ അതിഥികള്‍ അവതാരകരായെത്തി.

Published

|

Last Updated

കൊണ്ടോട്ടി | മൂന്ന് ദിവസമായി ബുഖാരി ക്യാമ്പസില്‍ നടന്നുവന്ന അറിവാഘോഷം ബുഖാരി നോളജ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം. വൈജ്ഞാനികാഘോഷത്തിന്റെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്തി സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും വലിയ വാതിലുകള്‍ തുറന്നാണ് ബുഖാരി നോളജ് ഫെസ്റ്റിവലിന് തിരശ്ശില വീണത്. പാരമ്പര്യ മൂല്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മുഖ്യധാരയോട് സംവധിക്കാന്‍ മുസ്ലിം സമൂഹത്തിനാകും എന്ന് തെളിയിക്കാന്‍ ബി കെ എഫിനായി.

ചുറ്റുമുള്ള മുഴുവന്‍ സാധ്യതകളെയും പശ്ചാത്തല സൗകര്യങ്ങളെയും ഫെസ്റ്റിവല്‍ മോഡിലേക്ക് കൊണ്ടുവന്ന ബി കെ എഫ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. അഞ്ചാം എഡിഷന്‍ ബി കെ എഫ് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈജ്ഞാനിക ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് സമ്പന്നമാകുമെന്നും അഞ്ചാം എഡിഷന്‍ ബി കെ എഫിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായി വിവിധ വിഷയങ്ങളില്‍ നൂറോളം സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷം ഓണ്‍ലൈനായി നടന്ന ബി കെ എഫ് ഇത്തവണ ഓണ്‍ലൈനായും ഓഫ്‌ലൈനായുമാണ് സംവിധാനിച്ചിട്ടുള്ളത്. ഫിസിക്കല്‍ ബി കെ എഫിന്റെ സമാപനത്തോടെ ഓണ്‍ലൈന്‍ ബി കെ എഫിനു തുടക്കമാകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ബുഖാരി നോളജ് ഫെസ്റ്റിവലില്‍ പണ്ഡിതന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഭാഷാ വിദഗ്ധര്‍, യുവ ഗവേഷകര്‍, സാഹിത്യകാരന്മാര്‍, കര്‍ഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സഞ്ചാരികള്‍, അക്കാദമീഷ്യന്‍സ്, ചരിത്രകാരന്മാര്‍, റിസര്‍ച്ച് സ്‌കോളേഴ്‌സ്, അധ്യാപകര്‍, പ്രസാധകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.

നാല് വേദികളിലായി നൂറോളം സെഷനുകളില്‍ ഇരുന്നൂറിലേറെ അതിഥികള്‍ അവതാരകരായെത്തി. സമാപന ദിവസമായ ഇന്നലെ മതം, സാഹിത്യം, ശാസ്ത്രം, ആരോഗ്യം, സാമ്പത്തികം, യാത്ര, ചരിത്രം, ബ്യൂറോക്രസി, മാധ്യമം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ഫിഖ്ഹ്, ഹദീസ്, വിദ്യാഭ്യാസം, ടെക്‌നോളജി തുടങ്ങി മുപ്പതോളം വിഷയങ്ങള്‍ ചര്‍ച്ചയായി.

ബുഖാരി നോളജ് ഫെസ്റ്റിവല്‍ നാലാം എഡിഷന്റെ സമാപന സംഗമം ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍ ഉദ്ഘാടനം ചെയ്തു. സന്ദേഷപ്രഭാഷണത്തിന് സി പി ശഫീഖ് ബുഖാരി നേതൃത്വം നല്‍കി.ശൗക്കത്ത് ബുഖാരി കശ്മീര്‍, റോഷന്‍ നൂറാനി, മുഹമ്മദ് ബാഖവി മാട്ടൂല്‍, സൈഫുദ്ദീന്‍ തൃശ്ശൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹൂഫ് ജൗഹരി അധ്യക്ഷത വഹിച്ചു.

സി കെ യു മൗലവി മോങ്ങം പ്രാര്‍ഥനയും മുഹ്യുദ്ദീന്‍ ബുഖാരി സ്വാഗതവും നിര്‍വഹിച്ചു. കെ കെ ബഷീര്‍, ഉസ്മാന്‍ ബാഖവി, മുഹമ്മദലി ഹാജി, സിദ്ദീഖ് ഹാജി കുറുപ്പത്ത്, രായിന്‍കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ബുഖാരി നിറമരുതൂര്‍ നന്ദി പറഞ്ഞു.

Latest