Connect with us

National

ബിജെപി സര്‍ക്കാര്‍ രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണ്: പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ മറ്റു പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 2019ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ഭയത്താല്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ട്വിറ്ററില്‍ പ്രതികരിച്ചു.

എന്റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനിയൊരിക്കലും ഭയപ്പെടുകയുമില്ല. അവന്‍ ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് ആളുകളുടെ സ്‌നേഹവും അവനൊപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ മറ്റു പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 2019 ല്‍ മോദി കുടുംബത്തിന് നേരെ രാഹുല്‍ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് കേസിനാധാരം. കേസില്‍ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.