National
ബിഹാർ വികസനത്തിന് വോട്ട് ചെയ്തു; ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച, ജനാധിപത്യത്തിൻ്റെ വിജയമാണിതെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി | ബിഹാറിലെ ജനങ്ങൾ വോട്ട് ചെയ്തത് വികസിതവും അഭിവൃദ്ധി പ്രാപിച്ചതുമായ ഒരു സംസ്ഥാനത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് അവർ എൻഡിഎയ്ക്ക് ശക്തമായ ജനവിധി നൽകിയതെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച, ജനാധിപത്യത്തിൻ്റെ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ബിജെപി പ്രവർത്തകരോടുമുള്ള നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി, എൻഡിഎ കക്ഷി തലത്തിൽ മാത്രമല്ല, ബൂത്ത് തലത്തിൽ വരെ തടസ്സമില്ലാത്ത ഏകോപനം കാഴ്ചവെച്ചുവെന്നും വ്യക്തമാക്കി.
മഹാഗത്ബന്ധൻ (മഹാസഖ്യം) പ്രീണന രാഷ്ട്രീയവും വിഭജന രാഷ്ട്രീയവുമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഈ വിജയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണയോടെ നേടിയതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തത് ബംഗാളാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി. “ഗംഗ ബീഹാറിലൂടെ ഒഴുകി ബംഗാളിലെത്തുന്നു. ബംഗാളിൽ ബിജെപിയുടെ വിജയത്തിന് ബീഹാർ വഴിയൊരുക്കി. ബംഗാളിലെ സഹോദരീ സഹോദരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇനി, നിങ്ങളോടൊപ്പം ചേർന്ന്, പശ്ചിമ ബംഗാളിൽ നിന്നും, ബിജെപി കാട്ടുരാജിനെ പിഴുതെറിയും” – ആഘോഷവേളയിൽ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശകരമായ ആരവങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം, എൻഡിഎ 200 കടന്നിട്ടുണ്ട്. ഇത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്ന ജനവിധിയാണ്.



