Connect with us

National

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്

Published

|

Last Updated

പാറ്റ്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. പോളിങ്ങ് സ്‌റ്റേഷനുകളില്‍ കാലത്ത് വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്കാണ് പ്രചാരണത്തില്‍ എന്‍ ഡി എ ഊന്നല്‍ നല്‍കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവുമാണ് മഹാസഖ്യം പ്രധാന വിഷയമാക്കിയത്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം അവസാന ദിവസത്തെ പ്രധാന വാഗ്ദാനമായിരുന്നു.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയര്‍ത്തിയാണ് ബി ജെ പിയും ജെ ഡി യുവും പ്രതിരോധിക്കുന്നത്.

Latest