Connect with us

Kerala

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന് ജയില്‍ മോചനം അനുവദിച്ചു

ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷെറിന് ജയില്‍മോചനം. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചു. ഇതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്.

2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഷെറിന് അടിക്കടി പരോള്‍ ലഭിച്ചതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും മോചനത്തിന് തിരിച്ചടിയായി.

ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.