Connect with us

International

ബംഗ്ലാദേശിൽ സൈനിക വിമാനം സ്കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു; 19 മരണം

ടേക്ക് ഓഫ് ചെയ്ത വിമാനം സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശി സൈനിക വിമാനം സ്കൂൾ കോമ്പൗണ്ടിൽ തകർന്നു വീണ് കുറഞ്ഞത് 19 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.

ടേക്ക് ഓഫ് ചെയ്ത വിമാനം സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നത്. വലിയ ജനക്കൂട്ടം ക്യാമ്പസിന് ചുറ്റും തടിച്ചുകൂടിയത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. പോലീസ്, സൈനിക ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഏറെ പാടുപെട്ടു. വിദ്യാർത്ഥികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

വ്യോമസേനയുടെ എഫ്-7 ബിജിഐ വിമാനം ആണ് തകർന്നത്. ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് ഇത് സ്ഥിരീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. അപകടകാരണത്തെക്കുറിച്ചും ഉടനടി വിവരങ്ങൾ ലഭ്യമല്ല.