Connect with us

International

തെരഞ്ഞെടുപ്പ് നടക്കുന്ന പാകിസ്താനില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനം

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനില്‍ സര്‍ക്കാര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ഇസ്ലാമാബാദ്| പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനില്‍  സര്‍ക്കാര്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനങ്ങള്‍ക്കും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം സുരക്ഷ മുന്‍നിര്‍ത്തി ഇറാന്‍, അഫ്ഗാനിസ്താന്‍ അതിര്‍ത്തികളും അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയെ തകര്‍ത്തു. നിരവധി ജീവനാണ് ഇല്ലാതായതെന്നും ഭീകരവാദത്തിനെതിരെ പ്രതിരോധ നടപടികള്‍ വേണമെന്ന ആവശ്യം രാജ്യത്ത് ഉയര്‍ന്നിട്ടുണ്ടെന്നും പാക് ഭരണകൂടം വ്യക്തമാക്കി.

പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ വെടിവെപ്പുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആളുകള്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകള്‍ക്ക് നേരെ ബോംബാക്രമണവും നടന്നിരുന്നു. സംഭവത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പതിനായിരക്കണക്കിന് പോലീസുകാരെയും അര്‍ദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷാ നടപടിയുടെ ഭാഗമായാണ് ഇന്ന് മൊബൈല്‍ ഫോണ്‍ സേവനവും രാജ്യത്തുടനീളം താല്‍ക്കാലികമായി റദ്ദാക്കിയതും. എന്നാല്‍ ഈ തീരുമാനത്തില്‍ തങ്ങള്‍ ഞെട്ടിപ്പോയതായി ഒരു വോട്ടര്‍ ബിബിസിയോട് പറഞ്ഞു. തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അവിശ്വാസ വോട്ടെടുപ്പില്‍ പുറത്താക്കി രണ്ട് വര്‍ഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് കഴിഞ്ഞ പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം.

പാര്‍ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടര്‍മാരാണ് 16ാമത് പാര്‍ലമെന്റിലേക്കുള്ള 266 എം.പിമാരെ തെഞ്ഞെടുക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകള്‍.