Poem
പന്തുകളി
നീറ്റലൊടുങ്ങാത്ത മുറിവുകളിൽ ബെറ്റാഡിൻ്റെ മണമുള്ള സ്നേഹം അമ്മ പുരട്ടിത്തന്ന രാത്രികളിലൊക്കെയും ഞാൻ കാൽപ്പന്തു മാത്രമായിരുന്നു സ്വപ്നം കണ്ടത്.

എത്ര ആഞ്ഞു ശ്രമിച്ചിട്ടും
വിജയത്തിൻ്റെ ഗോളീ പോസ്റ്റിൽ
ഒരിക്കലുമെത്താത്ത
കാൽപ്പന്തു കണക്കായിരുന്നു
എന്നുമെൻ്റെ ജീവിതം
മരുഭൂമിയിലെ മരുപ്പച്ച കണക്കെ
ആഘോഷങ്ങളുടേയും
ആർപ്പുവിളികളുടേയും
ജീവിതം മുന്നിൽ ചിരിച്ചു
നിൽക്കുമ്പോഴൊക്കെയും
മഞ്ഞയും ചുവപ്പും ചീട്ടുകൾ
മുഖംമൂടിയണിഞ്ഞെത്തി എൻ്റെ
കുതിപ്പുകളെ കടിഞ്ഞാണിട്ടിരുന്നു.
കഞ്ഞിപ്പശ മുക്കി
അലക്കി വെളുപ്പിച്ച്
അമ്മയെന്നെ യാത്രയാക്കുമ്പോഴും
തിരിച്ച്, വിയർപ്പിൽ മുങ്ങി, ചെമ്മണ്ണിൽ
കുഴഞ്ഞുമറിഞ്ഞായിരുന്നു
തിരിച്ചു വരവ്.
നീറ്റലൊടുങ്ങാത്ത മുറിവുകളിൽ
ബെറ്റാഡിൻ്റെ മണമുള്ള സ്നേഹം
അമ്മ പുരട്ടിത്തന്ന രാത്രികളിലൊക്കെയും
ഞാൻ കാൽപ്പന്തു മാത്രമായിരുന്നു
സ്വപ്നം കണ്ടത്.
എന്നാലപ്പോഴൊക്കെ
വിശപ്പിൻ്റെ പന്തുകളി വയറ്റിലും
വേവലാതികളുടേത് തലച്ചോറിലും
സംഭവിച്ചുകൊണ്ടേയിരുന്നു.
അതിരുകളില്ലാത്ത ഈ മൈതാനത്തിൽ
ജീവിതമെന്നു പേരിട്ട
പന്തിനു പിറകെ പായുമ്പോൾ
കാലുകളത്രയും തളരുന്നുണ്ട്
കണ്ണിലാകെ ഇരുട്ടു പടരുന്നുണ്ട്
എങ്കിലും അവസാന നിമിഷമെങ്കിലും
ഒരു പെനാൽറ്റിയെങ്കിലും
ഞാൻ പ്രതീക്ഷിച്ചോട്ടെ.