Connect with us

Kerala

അയ്യപ്പസംഗമം; കോട്ടയത്ത് വിശദീകരണവുമായി യു ഡി എഫ്

സമുദായ സംഘടനകളുടെ അകല്‍ച്ചയില്‍ അങ്കലാപ്പിലായി ലീഗ്

Published

|

Last Updated

കോട്ടയം | സര്‍ക്കാര്‍ പരിപാടിയായ ആഗോള അയ്യപ്പസംഗമം, വികസന സദസ് എന്നീ വിഷയങ്ങളില്‍ നാളെ കോട്ടയത്ത് വിശദീകരണ യോഗം നടത്താന്‍ യു ഡി എഫ്. തിരുനക്കരയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും.

എന്‍ എസ് എസ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം. ആഗോള അയ്യപ്പ സംഗമത്തിലും വികസന സദസിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഇതിലൂടെ യു ഡി എഫ് നിലപാട് ജനങ്ങളോട് വിശദീകരിക്കുക എന്നത് ലക്ഷ്യം. വോട്ട് ലക്ഷ്യം വെച്ചായിരുന്നു അയ്യപ്പ സംഗമം നടത്തിയതെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കാനായാണ് വിശദീകരണ യോഗം നടത്തുന്നത്. ആഗോള അയ്യപ്പ സംഗമം പരാജയമാണെന്ന് വിശദീകരിക്കാനാണ് യു ഡി എഫ് നീക്കം. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി എന്‍ എസ് എസ് സ്വീകരിച്ച നിലപാട് യു ഡി എഫിന് തിരിച്ചടിയായിട്ടുണ്ട്.

യു ഡി എഫ് ജമാഅത്തെ ഇസ്്‌ലാമി അടക്കമുള്ള മത രാഷ്ട്രവാദ സംഘടനകളുമായി കൈകോര്‍ക്കുന്നതിലുള്ള എതിര്‍പ്പാണ് എന്‍ എസ് എസും എസ് എന്‍ ഡി പിയും അടക്കമുള്ള സംഘടനകള്‍ ഇടതുപക്ഷവുമായി അടുക്കാന്‍ കാരണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. ഇത്തരം വര്‍ഗീയ സംഘടനകള്‍ക്ക് യു ഡി എഫിലേക്ക് മുസ്്‌ലിം ലീഗ് വഴിയൊരുക്കുകയാണെന്ന ആരോപണം ശക്തമാണ്. സമുദായ സംഘടനകളുടെ നീക്കത്തില്‍ ലീഗിലും ആശങ്ക പടര്‍ന്നിട്ടുണ്ട്.

അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടെന്ന നിലപാടുമായി ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോള്‍ അക്കാര്യം വ്യക്തമായി. രാജ്യത്തെ അയോഗ്യനായ മുഖ്യമന്ത്രിയാണ് യോഗി. കേരളത്തിലെ അയ്യപ്പഭക്തര്‍ സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നവരാണ്. അവര്‍ക്കിടയിലേക്ക് യോഗിയെ പോലുള്ളവരെ കൊണ്ടുവരുന്നത് സംശയമുണ്ടാക്കും.

ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹത്തിനിടയില്‍ സംശയം ഉണ്ടാക്കും. യോഗിയുടെ സമീപനം എല്ലാവര്‍ക്കും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. സാമുദായിക സംഘടനകളുമായി യു ഡി എഫിന് നല്ല ബന്ധമാണുള്ളത്. ലീഗിനെ കുറിച്ച് സി പി എം നേരത്തെ പറഞ്ഞത് നല്ല കാര്യങ്ങളാണ്. അന്ന് പറഞ്ഞ യോഗ്യത ഇപ്പോഴും ലീഗിനുണ്ട്. മുസ്ലിം ലീഗിന് വര്‍ഗീയത പോരാ എന്നു പറഞ്ഞാണ് ഐ എന്‍ എല്‍ ഉണ്ടായത്. പ്രതിപക്ഷ നേതാവ് ഐ എന്‍ എല്ലിനെ പറ്റി നടത്തിയ പരാമര്‍ശം അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.