Kerala
വ്യാജ രേഖയുണ്ടാക്കി ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
തിരുവനന്തപുരം ചാല ബ്രാഞ്ച് മാനേജരായിരുന്ന കരമന സ്വദേശിയായ പി പ്രഭാകരനെയാണ് വിജിലന്‍സ് സംഘംഅറസ്റ്റ് ചെയ്ത് ജയിലിലടച്ചത്

തിരുവനന്തപുരം | വ്യാജ രേഖയുണ്ടാക്കി ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരില്‍ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവില്‍പ്പോയ തിരുവനന്തപുരം ചാല ബ്രാഞ്ച് മാനേജരായിരുന്ന കരമന സ്വദേശിയായ പി പ്രഭാകരനെയാണ് വിജിലന്‍സ് സംഘംഅറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇല്ലാത്ത ആളുകളുടെ പേരില്‍ വ്യാജ എപ്ലോയിമെന്റ് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കിയായിരുന്നു ഇയാള്‍ ചിട്ടി തുക കരസ്ഥമാക്കിയത്. 1993ലായിരുന്നു സംഭവം നടന്നത്. ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് കേസെടുത്ത് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2010ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇയാളെ വിവിധ വകുപ്പുകളിലായി ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ച് ഉത്തരവായെങ്കിലും പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ഹൈക്കോടതിയും ശിക്ഷ ശരി വച്ചതോടെ കോടതിയില്‍ കീഴടങ്ങാതെ ഇയാള്‍ ഒളിവില്‍പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും ഇയാള്‍ കീഴടങ്ങാതിരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ പ്രഭാകരന്റെ കരമനയിലെ വീട്ടില്‍ നിന്ന് ഇന്ന് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി സെന്‍ട്രല്‍ ജയിലിലടച്ചു.