Kerala
അയ്യപ്പ സംഗമം: പിണറായിയെയും സ്റ്റാലിനെയും പരിഹസിച്ച് അണ്ണാമലൈ
അയ്യപ്പന്‍ നാസ്തിക ബ്രഹ്മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും 'നാസ്തിക ഡ്രാമാചാരി'കളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

പത്തനംതിട്ട | പമ്പയില്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് തമിഴ്‌നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. പത്തനംതിട്ടയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്‍ നാസ്തിക ബ്രഹ്മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് അണ്ണാമലൈ പറഞ്ഞു.
ഒരു മനുഷ്യന് നരകത്തിലേക്ക് പോകാന്‍ ആവശ്യമായതെന്ന് ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ടെന്ന് അണ്ണാമലൈ പരിഹസിച്ചു. സനാതന ധര്‍മത്തെ ഇല്ലാതാക്കണം എന്ന് പറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എല്ലാവര്‍ക്കും മനസ്സിലായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും വോട്ടുകളും മാത്രമാണ് ഇരുനേതാക്കളുടേയും ലക്ഷ്യമെന്നും അണ്ണാമലൈ ആരോപിച്ചു.
2018-19 വര്‍ഷങ്ങളില്‍, ഒരു കോടതി ഉത്തരവിന്റെ പേരില്‍ അയ്യപ്പഭക്തരെ തല്ലിച്ചതച്ചവര്‍ക്ക് ഇങ്ങനെ ഒരു സംഗമം നടത്താന്‍ എന്ത് അവകാശമാണുള്ളത്. കഴിഞ്ഞ വര്‍ഷം പഴനിയില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ‘ആഗോള മുരുക സംഗമം’ നടത്തിയിരുന്നു. അതിന്റെ മറ്റൊരു മുഖമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ കണ്ടത്. ഒരു കള്ളന്‍ ചെയ്യുന്ന കാര്യങ്ങള്‍ തൊട്ടടുത്തുള്ള കള്ളനും കണ്ടുപഠിച്ച് ചെയ്യുകയാണെന്നും അണ്ണാമലൈ പറഞ്ഞു.