Connect with us

Kerala

ബലാത്സംഗ ശ്രമം; യുവാവിന് ഒമ്പതര വര്‍ഷം കഠിന തടവും 66,000 രൂപ പിഴയും

ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ് (34) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ടി മഞ്ജിത് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒമ്പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ് (34) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ടി മഞ്ജിത് ശിക്ഷിച്ചത്.

2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജു ജോസഫ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍ വിഷ്ണു ആണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ബലാത്സംഗ ശ്രമത്തിന് അഞ്ചുവര്‍ഷം കഠിന തടവും 50,000 പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം അധിക കഠിന തടവ് അനുഭവിക്കണം. സെക്ഷന്‍ 354 പ്രകാരം മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ അധിക തടവും, സെക്ഷന്‍ 451 പ്രകാരം ഒരുവര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം അഞ്ചുദിവസത്തെ അധിക തടവും സെക്ഷന്‍ 342 പ്രകാരം ആറു മാസം കഠിന തടവും ആയിരം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം ഒരുദിവസത്തെ അധിക തടവും അനുഭവിക്കണം.

പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു. സംഭവത്തില്‍ അതിജീവിത അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനത്തിനും പുനരധിവാസത്തിനുമായി പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി ബി എന്‍ എസ് എസ് സെഷന്‍ 396 പ്രകാരം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

Latest