Connect with us

Kuwait

ടെര്‍മിനല്‍ ഒന്നിലെ ആക്രമണം: കുവൈത്തില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസ് പുനക്രമീകരണം നീളുന്നു

ഇന്ത്യയുടേത് ഉള്‍പ്പെടെ എല്ലാ വിദേശ വിമാന കമ്പനികളും ടെര്‍മിനല്‍ ഒന്ന് കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തിവരുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് ഇനിയും നീളുമെന്ന് ആശങ്ക. ഇന്ത്യയുടേത് ഉള്‍പ്പെടെ എല്ലാ വിദേശ വിമാന കമ്പനികളും ടെര്‍മിനല്‍ ഒന്ന് കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തിവരുന്നത്.

ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഈമാസം രണ്ട് വരെ അഞ്ച് തവണയാണ് കുവൈത്ത് വിമാനത്താവളം ആക്രമണത്തിന് വിധേയമായത്. കനത്ത നാശനഷ്ടങ്ങളാണ് ആക്രമണത്തില്‍ വിമാനത്താവളത്തിന് സംഭവിച്ചത്. അതിനുശേഷം ഏപ്രില്‍ 24 മുതലാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്. ടെര്‍മിനല്‍ നാല് കേന്ദ്രീകരിച്ച്, കുവൈത്ത് എയര്‍വേയ്‌സും ടെര്‍മിനല്‍ അഞ്ചില്‍ നിന്ന് അല്‍ ജസീറ എയര്‍വേയ്‌സും സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും വിദേശ വിമാന കമ്പനികളുടെ പ്രവര്‍ത്തനത്തിന് ജൂണ്‍ ഒന്ന് മുതലാണ് കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസ് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ടെര്‍മിനല്‍ ഒന്നിന് നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ടെര്‍മിനല്‍ ഒന്നിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് മണിക്കൂറുകള്‍ക്കകം ടെര്‍മിനല്‍ നാലിന്റെയും അഞ്ചിന്റെയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.

ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുന്നതായാണ് അധികൃത അറിയിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച് ഈ ടെര്‍മിനലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ വിമാന കമ്പനികളുടെ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ കാലതാമസമുണ്ടാകാനും യാത്രാ പ്രതിസന്ധി രൂക്ഷമാകാനും ഇത് ഇടവരുത്തും. നാട്ടിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി കാത്തിരിക്കുന്ന കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

നിലവില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയാണ് കുവൈത്ത് എയര്‍വേയ്‌സ്, അല്‍ ജസീറ കമ്പനികളുടെ വിമാനങ്ങളില്‍ എന്നീ കമ്പനികളില്‍ യാത്ര ചെയ്യുന്നത്. അതേസമയം, വിദേശ വിമാന കമ്പനികള്‍ക്ക് യാത്രാനുമതി നല്‍കിയതിലൂടെ ഈ മാസം ഒന്ന് മുതല്‍ ജസീറ, കുവൈത്ത് എയര്‍വേയ്‌സ് എന്നിവയുടെ ടിക്കറ്റ് നിരക്ക് കുറിച്ചിരുന്നു. ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ ടിക്കറ്റ് നിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായിരിക്കുകയാണ്. ഇതിന് പുറമേ, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും നിലവില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ലഭ്യമാകുന്നില്ലെന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

 

Latest