International
ഇറാഖില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി
മുസ്തഫ അല്‍ ഖാദിമിയുടെ ബഗ്ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നു
ബഗ്ദാദ് | ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. ബഗ്ദാദില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. മുസ്തഫ അല്‍ ഖാദിമിയുടെ ബഗ്ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും ഖാദിമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേ സമയം അദ്ദേഹത്തിന്റെ നിരവധി സുരക്ഷാ ഭടന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് അക്രമം വ്യാപിച്ചിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമം ആരോപിച്ചായിരുന്നു പ്രതിഷേധവും അക്രമവും.
അതേ സമയം അല്‍ ഖാദിമിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഖാദമിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു.




