International
സാങ്കേതിക തകരാർ; ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച ഔദ്യോഗിക വിമാനം തിരിച്ചിറക്കി
യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ട ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
വാഷിംഗ്ടൺ | സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ തിരിച്ചിറക്കി. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് മടങ്ങിയത്.
വിമാനത്തിൽ ചെറിയ തോതിലുള്ള ഇലക്ട്രിക്കൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് തിരിച്ചുപറക്കാൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. വിമാനം പറന്നുയർന്നതിന് പിന്നാലെ പ്രസ് ക്യാബിനിലെ ലൈറ്റുകൾ അണഞ്ഞതായി വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറഞ്ഞു. യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് വിമാനം തിരിച്ചിറക്കുന്നു എന്ന വിവരം അധികൃതർ അറിയിച്ചത്.
തുടർന്ന് മറ്റൊരു വിമാനമായ എയർ ഫോഴ്സ് സി 32-ൽ ട്രംപ് യാത്ര തുടർന്നു. സാധാരണയായി ആഭ്യന്തര യാത്രകൾക്കായി പ്രസിഡന്റ് ഉപയോഗിക്കുന്ന പരിഷ്കരിച്ച ബോയിംഗ് 757 വിമാനമാണിത്. അർദ്ധരാത്രിയോടെ അദ്ദേഹം ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ചു.
നിലവിൽ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കുന്ന രണ്ട് വിമാനങ്ങളും ഏകദേശം നാല് പതിറ്റാണ്ടായി സേവനത്തിലുള്ളവയാണ്. ഇവയ്ക്ക് പകരമുള്ള പുതിയ വിമാനങ്ങളുടെ നിർമ്മാണം വൈകിക്കൊണ്ടിരിക്കുകയാണ്. വികിരണങ്ങളെ പ്രതിരോധിക്കാനുള്ള ഷീൽഡിംഗും മിസൈൽ വിരുദ്ധ സാങ്കേതികവിദ്യയും ഉൾപ്പെടെ പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളുള്ളവയാണ് എയർ ഫോഴ്സ് വൺ വിമാനങ്ങൾ.
കഴിഞ്ഞ വർഷം ഖത്തർ ഭരണകുടും ട്രംപിന് സമ്മാനമായി നൽകിയ അത്യാധുനിക ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം നിലവിൽ സുരക്ഷാ പരിശോധനകൾക്കായി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തർ വിമാനം ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് കരോലിൻ ലീവിറ്റ് തമാശരൂപേണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും വിമാനങ്ങളും സമാനമായ സാങ്കേതിക തകരാറുകളെത്തുടർന്ന് തിരിച്ചിറക്കേണ്ടി വന്നിരുന്നു.





