Kerala
മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ഖേദപ്രകടനവുമായി മന്ത്രി സജി ചെറിയാന്‍
തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാന്‍
തിരുവനന്തപുരം | മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാന്‍ കുറിപ്പില്‍ പറയുന്നു. നേരത്തെ ഇന്ന് ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് മന്ത്രി അറിയിച്ചിരുന്നതെങ്കിലും പിന്നീട് വിവാദ വിഷയത്തില്‍ വാര്‍ത്താ കുറിപ്പ് പുറത്തുവിടുകയായിരുന്നു. പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു
ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ തന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെന്നാണ് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
തന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും തന്റെ പൊതുജീവിതം ഒരു വര്‍ഗീയതയോടും സമരസപ്പെട്ടല്ല കടന്നുപോയത്. താന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു


