Connect with us

Kerala

വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് യുവാവിന്റെ മരണം: ഷിംജിത മുസ്തഫ അറസ്റ്റിൽ

വടകരയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം

Published

|

Last Updated

കോഴിക്കോട്  | ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചു.

യുവാവിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിത മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും അതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് അവർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതിന് പിന്നാലെ ഷിംജിത ആരോപണം ഉന്നയിച്ച  ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരന്നു.  ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്.

സൈബർ ഇടങ്ങളിലെ കടന്നാക്രമണങ്ങളിലും അപമാനത്തിലും മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന് പിന്നാെല ഷിംജിതക്ക് എതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തി പോലീസ് കേസെടുക്കുകയായിരന്നു.

സംഭവത്തിന് പിന്നാലെ ഷിംജിത ഒളിവിൽ പോയി. ഇതിനിടെ ഇവർ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അരീക്കോട് പഞ്ചായത്ത് വാർഡ് മെമ്പറായിരുന്നു ഷിംജിത.

---- facebook comment plugin here -----