Education Notification
നിറം മാറുന്ന പാരാമെഡിക്കൽ
രാജ്യം മുഴുവൻ ഇത്തരം കോഴ്‌സുകളിൽ ഏകത്വം കൊണ്ടുവരുന്നതിനും കോഴ്‌സുകളുടെ നിലവാരം കാലാനുസൃതമായി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് (എൻ സി എ എച്ച് പി) പരിഷ്കരിച്ച ചട്ടങ്ങൾ പുറത്തിറക്കിയത്.
ഫിസിയോതെറാപ്പി സൈക്കോളജി, ഓഫ്താൽമിക് സയൻസ് എന്നിവയുൾപ്പെടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കോഴ്സുകൾക്കായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങളും കരിക്കുലവും പുറത്തിറക്കി. അറിവിന്റെ കൃത്യമായ പ്രയോഗത്തിലും വിദ്യാർഥികളുടെ സമഗ്ര വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. രാജ്യം മുഴുവൻ ഇത്തരം കോഴ്‌സുകളിൽ ഏകത്വം കൊണ്ടുവരുന്നതിനും കോഴ്‌സുകളുടെ നിലവാരം കാലാനുസൃതമായി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (എൻ സി എ എച്ച് പി) പരിഷ്കരിച്ച ചട്ടങ്ങൾ പുറത്തിറക്കിയത്. അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് എന്നാണ് ഈ കോഴ്‌സുകൾ പൊതുവേ അറിയപ്പെടുക. വിവിധ കോഴ്സുകളിലെ മാറ്റങ്ങൾ ഇവയാണ്.
ലബോറട്ടറി സയൻസ്
ബി എസ്‌സി എം എൽ ടി എന്ന് അറിയപ്പെട്ടിരുന്ന ലാബ് ടെക്നീഷ്യൻ ഡിഗ്രി കോഴ്‌സിന്റെ പേര് ബാച്ച‌്ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസ് (ബി എം എൽ എസ്) എന്നാക്കി മാറ്റിയിട്ടുണ്ട്. ഇനി മുതൽ എല്ലാ യൂനിവേഴ്‌സിറ്റികളിലും ഈ കോഴ്‌സ് നാല് വർഷം ദൈർഘ്യമുള്ളതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ലാബ് ടെക്നീഷ്യൻ ഡിപ്ലോമ നേടിയവർക്ക് ബി എം എൽ എസ് കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.
ട്രോമാ കെയർ, ബേൺ കെയർ
ട്രോമാ കെയർ, ബേൺ കെയർ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഡിഗ്രി കോഴ്സ് ബാച്ചിലർ ഓഫ് എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് ബി ഇ എം ടി എന്നാണ് അറിയപ്പെടുക. ഈ കോഴ്സിന് പ്രവേശനം ലഭിക്കാൻ പ്ലസ് ടു പരീക്ഷക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് വിജയിക്കണം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അനസ്തീഷ്യ
അനസ്തീഷ്യ, ഓപറേഷൻ തിയേറ്റർ ടെക്നോളജി സംബന്ധമായ നാല് വർഷം ദൈർഘ്യമുള്ള അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സ് ബാച്ചിലർ ഓഫ് അനസ്തീഷ്യ ആൻഡ് ഓപറേഷൻ തീയേറ്റർ ടെക്‌നോളജി (ബി എ ഒ ടി ടി) എന്ന പേരിലും രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സ് ഡിപ്ലോമ ഓഫ് അനസ്തീഷ്യ ആൻഡ് ഓപറേഷൻ തീയേറ്റർ ടെക്‌നോളജി ഡി എ ഒ ടി ടി എന്ന പേരിലുമാണ് അറിയപ്പെടുക. രണ്ട് കോഴ്‌സുകളിലും പ്രവേശനം ലഭിക്കാൻ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്‌സ് വിഷയങ്ങൾ പഠിച്ചു പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. ഈ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.
ഫിസിയോ തെറാപ്പി
ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി പി ടി) കോഴ്‌സിന്റെ പേരിൽ മാറ്റമില്ല. എന്നാൽ, കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം അഞ്ച് വർഷമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് പ്ലസ് ടു വിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ഭാഷയും പഠിച്ചിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ടായിരിക്കും. ബി പി ടി കോഴ്സിൽ വന്ന പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് അഡ്മിഷൻ ലഭിക്കാൻ നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ എഴുതണം എന്നതാണ്. കട്ട് ഓഫ് പെർസെന്റയിൽ, കുറഞ്ഞ മാർക്ക് നിബന്ധനകൾ ബാധകമല്ല. അതാത് വർഷത്തെ നീറ്റ് പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കരിക്കുലം നിബന്ധനകൾക്കനുസരിച്ച് ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്
ഈ വിഭാഗത്തിലെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സിന്റെ പേര് ബാച്ചിലർ ഓഫ് ന്യൂട്രിഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് (ഓണേഴ്‌സ്) എന്നായിരിക്കും. ആറ് മാസത്തെ ഇന്റേൺഷിപ്/ ക്ലിനിക്കൽ ട്രെയിനിംഗ് സഹിതം നാല് വർഷമായിരിക്കും കോഴ്‌സിന്റെ കാലാവധി. പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലീഷ് വിജയിക്കുകയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് നേടുകയും വേണം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക.
ഒഫ്‌താൽമിക് സയൻസസ്
ബി എസ്‌സി ഒപ്റ്റോമെട്രി (ബി ഒപ്‌റ്റോം) എന്നാണ് നേത്ര സംരക്ഷണ രംഗത്തെ കോഴ്‌സിന്റെ പേര്. ഇന്റേൺഷിപ്പ് അടക്കം ബി എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിന്റെ കാലാവധി അഞ്ച് വർഷമാക്കിയിട്ടുണ്ട്. പ്രവേശനം നേടാൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു പരീക്ഷ വിജയിക്കണം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്ലസ് ടുവിന് മാത്‌സ് പഠിച്ചവർക്കും ഈ കോഴ്‌സിന് അപേക്ഷിക്കാനാകും എന്നത് ശ്രദ്ധേയമാണ്. ഒഫ്താൽമോളജിയിൽ ഡിപ്ലോമ നേടിയവർക്ക് ബി എസ്‌സി ഒപ്‌റ്റോമെട്രിയുടെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.
ഒക്യുപേഷനൽ തെറാപ്പി
ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറാപ്പി (ബി ഒ ടി ) കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം അഞ്ച് വർഷമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം. ഇംഗ്ലീഷ് പരീക്ഷയും വിജയിക്കണം. സംവരണ വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ടായിരിക്കും. ബി ഒ ടി കോഴ്‌സിൽ അഡ്മിഷൻ ലഭിക്കാൻ നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ എഴുതണം. കട്ട് ഓഫ് പെർസെന്റയിൽ, കുറഞ്ഞ മാർക്ക് നിബന്ധനകൾ ബാധകമല്ല. അതാത് വർഷത്തെ നീറ്റ് പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
(ബാക്കി കോഴ്സുകളുടെ വിശദാംശങ്ങൾ അടുത്ത അവസരത്തിൽ)





