Kerala
ഷിംജിതക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; മംഗലുരുവിലേക്ക് കടന്നതായി വിവരം
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്
കോഴിക്കോട് | സാമൂഹിക മാധ്യമത്തിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.കേസെടുത്തതിന് പിറകെ വടകര സ്വദേശിയായ ഷിംജിത ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
നിലവില്‍ ഇവര്‍ മംഗലൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. സംഭവത്തില്‍ ് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു. കേസില്‍ സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.സംഭവത്തില്‍ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കണ്ടെടുത്ത ശേഷം വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് പോലീസ്




