From the print
അസം തടങ്കൽ പാളയം; മിന്നൽ പരിശോധനക്ക് സുപ്രീം കോടതി നിർദേശം
പരിശോധനയിലെ കണ്ടെത്തലുകൾ വിശദമാക്കി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്നും ബഞ്ച് വ്യക്തമാക്കി
ന്യൂഡൽഹി | അസമിലെ ഗോൾപാറയിൽ വിദേശ പൗരന്മാരെ പാർപ്പിക്കാനായി തയ്യാറാക്കിയ തടങ്കൽ കേന്ദ്രത്തിന്റെ ശുചിത്വ സാഹചര്യങ്ങളും ഭക്ഷണത്തിന്റെ ലഭ്യതയും മൊത്തത്തിലുള്ള ജീവിതവും വിലയിരുത്തുന്നതിന് മിന്നൽ പരിശോധന നടത്താൻ അസം സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് (എസ് എൽ എസ് എ) സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബഞ്ചാണ് നിർദേശം നൽകിയത്.
മുൻകൂർ അറിയിപ്പ് നൽകാതെ പരിശോധന നടത്തുന്നതിനുള്ള ഉദ്യോഗസ്ഥരെ എസ് എൽ എസ് എ സെക്രട്ടറിക്ക് നാമനിർദേശം ചെയ്യാമെന്ന് ബഞ്ച് വ്യക്തമാക്കി
പരിശോധനയിലെ കണ്ടെത്തലുകൾ വിശദമാക്കി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്നും ബഞ്ച് വ്യക്തമാക്കി. അടുത്ത മാസം നാലിന് വിഷയം വീണ്ടും പരിഗണിക്കും. അസമിലെ മറ്റൊരു തടങ്കൽ കേന്ദ്രത്തിലെ സ്ഥിതിയിൽ സുപ്രീം കോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച റിപോർട്ടിനെ തുടർന്നായിരുന്നു ഇത്. ക്യാമ്പിൽ മതിയായ ജലവിതരണമില്ലെന്നും മോശം ശുചീകരണ സംവിധാനങ്ങളാണുള്ളതെന്നും അപര്യാപ്തമായ ടോയ്‌ലറ്റ് സൗകര്യങ്ങളാണ് ക്രമീകരിച്ചിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വിദേശികളായി പ്രഖ്യാപിക്കുന്നവരെ തടവിൽ പാർപ്പിച്ചിരിക്കുന്ന പരിതാപകരമായ അവസ്ഥയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.