Editors Pick
പഠനത്തിൽ ശ്രദ്ധ കുറയുന്നോ? '90/20' രീതി പ്രയോഗിച്ചാലോ?
വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ പ്രയോജനകരമായേക്കാവുന്ന പുതിയ പഠന-പ്രവർത്തന രീതിയാണ് '90/20'

മണിക്കൂറുകളോളം പുസ്തകങ്ങൾക്ക് മുന്നിലിരുന്നിട്ടും നിങ്ങൾക്ക് വേണ്ടത്ര പഠിക്കാൻ കഴിയുന്നില്ലേ? ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നുണ്ടോ? എങ്കിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 90/20 വിദ്യയൊന്ന് പരീക്ഷിച്ചാലോ? വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ പ്രയോജനകരമായേക്കാവുന്ന പുതിയ പഠന-പ്രവർത്തന രീതിയാണിത്. 90 മിനുട്ട് അതീവ ശ്രദ്ധയോടെയുള്ള ജോലിക്ക് ശേഷം 20 മിനുട്ട് വിശ്രമം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി “90/20′ എന്ന പുതിയ വിദ്യ പ്രമുഖ ഉറക്ക ഗവേഷകനായ നഥാനിയേൽ ക്ലൈറ്റ്മാനാണ് വികസിപ്പിച്ചത്.
വിദ്യാർഥികളെയും ജോലിക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മാനസിക ക്ഷീണം. എന്നാൽ, നമ്മുടെ തലച്ചോറിന് പ്രത്യേക താളമുണ്ട്; അത് കണ്ടെത്തിയാൽ പഠനവും ജോലിയും ലളിതമാകും. അതാണ് അൾട്രാഡിയൻ റിഥം (Ultradian Rhythm).
എന്താണ് ഈ അൾട്രാഡിയൻ റിഥം?
നമ്മുടെ തലച്ചോർ പകൽ സമയത്തും രാത്രിയിലെ ഉറക്കത്തിലും ഒരു നിശ്ചിത താളക്രമം പാലിക്കുന്നുണ്ട്. ഈ ചക്രങ്ങളെയാണ് അൾട്രാഡിയൻ റിഥംസ് എന്ന് വിളിക്കുന്നത്. സോംരാത്രി ഡോട്ട് കോമി (Somratri.com)ൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച്, ഈ ചക്രം ഏകദേശം 90 മുതൽ 120 മിനുട്ട് വരെ നീളുന്ന ഉയർന്ന മാനസിക പ്രവർത്തന ഘട്ടവും തുടർന്ന് 20 മിനുട്ട് നീളുന്ന വിശ്രമ ഘട്ടവും ഉൾക്കൊള്ളുന്നു.
ഈ രീതി കൃത്യമായി പിന്തുടരുമ്പോൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂടുകയും പിഴവുകൾ കുറയുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ സ്വാഭാവികമായ വിശ്രമ-പ്രവർത്തന ചക്രത്തിന് അനുസൃതമായി പ്രവർത്തിക്കുമ്പോൾ, ഒരാൾക്ക് 40 ശതമാനം വരെ അധിക ഉത്പാദന ക്ഷമതയും 50 ശതമാനം കുറവ് മാനസിക ക്ഷീണവും അനുഭവിക്കാൻ കഴിയുമെന്നാണ് റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
പ്രമുഖരുടെ രീതി
ലോകോത്തര പ്രകടനം കാഴ്ചവെക്കുന്നവരുടെ കാര്യത്തിലും ഈ രീതിക്ക് സാധ്യതയുണ്ടെന്ന് മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. പ്രശസ്ത വയലിനിസ്റ്റുകളെക്കുറിച്ച് മനഃശാസ്ത്രജ്ഞനായ ആൻഡേഴ്‌സ് എറിക്‌സൺ നടത്തിയ പഠനത്തിൽ, ഉന്നത പ്രകടനം നടത്തുന്നവർ കൃത്യമായി 90 മിനുട്ട് ബ്ലോക്കുകളായി പരിശീലിക്കുകയും അതിനുശേഷം ആസൂത്രിതമായ ഇടവേളകൾ എടുക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
എങ്ങനെ 90/20 രീതി പ്രയോഗിക്കാം
പരമാവധി 90-120 മിനുട്ട്: തുടർച്ചയായി രണ്ട് മണിക്കൂറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കുക. ശ്രദ്ധയും കൃത്യതയും കുറയുമ്പോൾ ഉടൻ ചെറിയ ഇടവേള എടുക്കുക.
സജീവമായ വിശ്രമം (20 മിനുട്ട്): 20 മിനുട്ട് ഇടവേളകളിൽ സ്‌ക്രീനുകളിൽ നിന്ന് അകന്നു നിൽക്കുക. നടക്കുക, സ്‌ട്രെച്ചിംഗ് ചെയ്യുക, അല്ലെങ്കിൽ പ്രകൃതിയുമായി സമയം ചെലവഴിക്കുക എന്നിവ മാനസിക വിശ്രമത്തിന് ഉത്തമമാണ്. ജോലിയോ പഠനമോ സംബന്ധിച്ച കാര്യങ്ങൾ ഈ സമയത്ത് പൂർണമായും ഒഴിവാക്കണം.
ലക്ഷണങ്ങൾ തിരിച്ചറിയുക: പെട്ടെന്നുണ്ടാകുന്ന ശ്രദ്ധക്കുറവ്, ക്ഷീണം, ചിന്താപരമായ മങ്ങൽ (ബ്രെയിൻ ഫോഗ്), എളുപ്പത്തിൽ ഉണ്ടാകുന്ന ദേഷ്യം എന്നിവയെല്ലാം വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനകളായി കണക്കാക്കണം.
ക്രമീകരണം: ഓരോ വ്യക്തിയുടെയും ഊർജ നിലകൾക്ക് അനുസരിച്ച് പഠന സമയക്രമം നിശ്ചയിക്കുന്നത് കൂടുതൽ ഫലപ്രദമാകും.
മികച്ച പ്രകടനത്തിനായി തലച്ചോറിന്റെ സ്വാഭാവിക താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നത്, കൂടുതൽ ഊർജസ്വലതയോടെ പഠനവും ജോലിയും മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അപ്പോൾ നമുക്കും പരീക്ഷിച്ചാലോ 90/20 മുനുട്ട്…