From the print
ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി അപ്പച്ചന്‍ പുറത്തേക്ക്
വിഭാഗീയതില്‍ അപ്പച്ചനെ ബലിയാടാക്കിയെന്ന് ഒരു വിഭാഗം.

കല്‍പ്പറ്റ | വയനാട് ഡി സി സിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് എന്‍ ഡി അപ്പച്ചന്‍ തെറിച്ചത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിയാല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വയനാട് ജില്ലാ കോണ്‍ഗ്രസ്സില്‍ വിഭാഗീയത രൂക്ഷമാണ്. എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള മറുവിഭാവും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ താഴെക്കിടയില്‍ വരെ വേരൂന്നിയിരുന്നു. സാമ്പത്തിക ആരോപണങ്ങള്‍ ഇരുവിഭാഗത്തിനുമെതിരായി ഉയര്‍ന്നുവന്നു.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയനാട്ടില്‍, കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങള്‍ ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഡി സി സി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെയും മുള്ളന്‍കൊല്ലിയിലെ പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെയും ആത്മഹത്യയും എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാശ്രമവുമെല്ലാം നേതൃത്വത്തെ പിടിച്ചുകുലുക്കി. ഈ സഹചര്യത്തിലാണ് വയനാട്ടിലെ സംഘടനാ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാന്‍ ദേശീയ നേതൃത്വം നിര്‍ബന്ധിതരായത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ വിവാദ അഭിമുഖത്തില്‍ ദേശീയ നേതാക്കളുടെ സന്ദര്‍ശന കാര്യങ്ങള്‍ ഡി സി സി അറിയുന്നില്ലെന്നും പല കാര്യങ്ങളിലും തന്നോട് ആലോചിക്കുന്നില്ലെന്നും അഭിമുഖത്തിലുണ്ടായിരുന്നു. തന്റെ സന്ദര്‍ശന വേളയില്‍ അപ്പച്ചനോട് കാര്യമായ ആശയവിനിമയത്തിന് പ്രിയങ്കാ ഗാന്ധി തയ്യാറായില്ലെന്നാണ് വിവരം. ഡല്‍ഹിയിലേക്ക് മടങ്ങിയ ഉടന്‍ വയനാട്ടിലെ വിഭാഗീയതയില്‍ നടപടി സ്വീകരിക്കാന്‍ പ്രിയങ്ക സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കെ പി സി സി അപ്പച്ചനോട് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖം സംബന്ധിച്ച് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അവസാനം താന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു.
ഇതിനിടെ രണ്ട് ദിവസം മുമ്പ് താന്‍ ആഗ്രഹിക്കുന്ന അത്രയും ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് അപ്പച്ചന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിക്കുകയും അപ്പച്ചനോട് രാജി എഴുതിവാങ്ങുകയുമാണുണ്ടായതെന്നാണ് വിവരം.
ബത്തേരി അര്‍ബന്‍ ബേങ്കിലുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നായിരുന്നു എന്‍ എം വിജയന്‍ ജീവനൊടുക്കിയത്. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. എന്‍ എം വിജയന്റെ മരുമകള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എന്‍ എം വിജയന്റെ ബേങ്ക് ബാധ്യത കെ പി സി സി കഴിഞ്ഞ ദിവസം അടച്ച് തീര്‍ത്ത് രേഖകള്‍ കൈമാറി പ്രശ്‌നത്തിന് താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്പച്ചന്റെ രാജി ആവശ്യപ്പെടുന്നത്. എന്നാല്‍, ജില്ലയിലെ സംഘടനാ വിഷയങ്ങളില്‍ ഒരു വിഭാഗത്തെ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടതെന്നാണ് അപ്പച്ചന്‍ അനുകൂലികള്‍ പറയുന്നത്.
വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും എം എല്‍ എമാരയ ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദീഖിന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു. സംഘടനയുടെ താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് ജില്ലയിലെ പ്രമുഖ നേതാവായി വളര്‍ന്ന എന്‍ ഡി അപ്പച്ചന് അര്‍ഹിക്കുന്ന വിടവാങ്ങല്‍ പോലും നല്‍കിയില്ലെന്നും അദ്ദേഹത്തെ അപമാനിച്ച് ഇറക്കിവിട്ടതായും ഇവര്‍ പറയുന്നു.