Connect with us

Kerala

മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിതിന്റെ ഹൃദയം ഇനി 13കാരിയില്‍ തുടിക്കും; ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

മൂന്നുവര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിയായ പതിമൂന്നുകാരി.

Published

|

Last Updated

കൊച്ചി| വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നിന്നും ബില്‍ജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം സ്വദേശിയായ 13കാരിയെ വന്ദേഭാരതിലാണ് വൈകിട്ടോടെ എറണാകുളത്ത് എത്തിച്ചത്. മൂന്നുവര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു പതിമൂന്നുകാരി.

നെടുമ്പാശേരി കരിയാട് ദേശീയപാതയില്‍ സെപ്തംബര്‍ രണ്ടിന് രാത്രി ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ബില്‍ജിത്തിനെ ഉടന്‍ അങ്കമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. ഹൃദയത്തിനു പുറമേ ബില്‍ജിത്തിന്റെ കരള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍, ചെറുകുടല്‍ എന്നിവയും ദാനം ചെയ്തിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ കുട്ടിയുടെ കുടുംബത്തെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ലിസി ആശുപത്രി അധികൃതര്‍ വിളിച്ചത്. വൈകിട്ട് ഏഴു മണിക്ക് മുന്‍പ് എറണാകുളത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കി. എയര്‍ ലിഫ്റ്റ് ചെയ്യാന്‍ താമസം വരുമെന്നതിനാല്‍ വന്ദേഭാരതിലായിരുന്നു കുട്ടി എറണാകുളത്ത് എത്തിയത്. കുട്ടിയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി പതിനൊന്നരയോടെ ശസ്ത്രക്രിയയ്ക്ക് ലിസി ആശുപത്രി അധികൃതര്‍ തയ്യാറായി. അതേസമയം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ബില്‍ജിത്തിന്റെ ഹൃദയം കുട്ടിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗം അതിവേഗം ഹൃദയം ലിസി ഹോസ്പിറ്റലില്‍ എത്തിച്ചു. രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ പൂര്‍ത്തിയായി.

 

 

Latest