Connect with us

smrthi

സവിസ്തരം സൂഫിയായ ഒരാൾ

സാമ്പ്രദായിക വ്യാഖ്യാനങ്ങളില്‍ വിചിത്രമെന്ന് തോന്നാവുന്ന ഒരുപാട് അടരുകള്‍. ഇങ്ങനെയൊക്കെയാണ് ഉസ്താദ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഒരു സൂഫിയായത്. സാധാരണക്കാര്‍ക്ക് തങ്ങളിലൊരാളെന്ന് തോന്നുന്ന സൂഫി.

Published

|

Last Updated

‘ആരംഭപ്പൂവായ (ആരംമ്പപ്പൂവായ) മുത്ത് നബി’ എന്നേ കുണ്ടൂര്‍ ഉസ്താദിന് എഴുതാന്‍ കഴിയൂ. അദ്ദേഹത്തിന്റെ ജീവിതപ്പകര്‍പ്പുകള്‍ അടുത്തറിയുമ്പോള്‍ ഈ തീര്‍ച്ചക്ക് ഒന്നുകൂടി മൂര്‍ച്ച കൂടുന്നു. അതായിരുന്നു കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. ഉസ്താദിന്റെ സംക്ഷിപ്തം ഈ കവിതാ ശകലത്തിലുണ്ട് എന്നും പറയാം.
അഹദായ തമ്പുരാന്‍ ആദ്യം പടച്ച അംബിയാ രാജരെക്കുറിച്ച് അധ്യാത്മിക ജ്ഞാനികള്‍ വാചാലരായിട്ടുണ്ടല്ലോ. തിരുനബിയുടെ ഒളി(നൂര്‍) ആണ് പടച്ചതമ്പുരാന്‍ ആദ്യം പടച്ചത്. പണ്ടുമുതലേ വഅളുകളിലും ഉറുദികളിലും പറഞ്ഞുവരുന്ന ‘ആരംഭ റസൂല്‍’ ഈ താത്പര്യത്തിലാകണം.

‘ആരംമ്പ’ എന്നതിന് ‘പുന്നാര’ എന്നും ഉണ്ട്. അങ്ങനെ വരുമ്പോള്‍ പുന്നാര നബിയെന്ന് മൊഴിഭേദം. രണ്ടായാലും അതിന്റെ ഇമ്പം ഒന്നുവേറത്തന്നെ.
വലിയ പ്രവാചക സ്നേഹിയായിരുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ജീവിതം നമ്മുടെ മുന്നിലിരിക്കുന്നു. തിരുനബി സ്നേഹവും സൂഫിസവും സമ്മേളിക്കുന്ന ആ ജീവിതം ആരെയും അതിശയിപ്പിക്കുന്ന ഒരുപാട് നാനാത്വങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു.

ദീര്‍ഘകാലം ദര്‍സ് നടത്തിയ മുന്തിയ മുദര്‍രിസായിരുന്നു. രാത്രി 12 വരെയൊക്കെ സബ്ക് എടുക്കും. അതേ സമയം തന്നെ നാട്ടിലെ പൊതുകാര്യങ്ങളില്‍ ഇടപെട്ട് സാമൂഹിക സേവകനുമാകും. റോഡ് പണിവരെ സേവനമായി ചെയ്യും. കല്ലുചുമന്ന് പണിക്കാര്‍ക്കൊപ്പം കൂടും. സൂഫീവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ സഹചാരിയായിരുന്നു കുണ്ടൂര്‍ അവര്‍കള്‍. അവരുടെ നിര്‍ദേശ പ്രകാരം അധ്യാത്മിക സദസ്സുകള്‍ സ്ഥാപിച്ചു നടത്തിയിരുന്ന ആള്‍. കടല്‍ കയര്‍ക്കുന്ന കാലത്ത് തീരത്തെത്തി മീന്‍ പിടിത്തക്കാര്‍ക്ക് ഭക്ഷണം നല്‍കും. അനുശോചന കാവ്യം(മര്‍സിയ്യത്തുകള്‍) എഴുതുന്ന അറബി കവി. യോഗങ്ങളുടെ സംഘാടകന്‍. അനാഥാലയത്തിന്റെ സ്ഥാപകനും നടത്തിപ്പുകാരനും. സിറാജ് പത്രം വിതരണം ചെയ്യുന്ന ആള്‍. അബ്ദുര്‍റഹ്്മാന്‍ സാഹിബിന്റെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുമാറ് ചരിത്ര കുതുകിയായിരുന്നു ഉസ്താദ്. വായനയെയും ചരിത്രത്തെയും പിരിശം വെച്ച വ്യക്തി. കടല്‍പ്പരപ്പിലെ കപ്പല്‍ മുറിയിലിരുന്ന് ചെറുപ്പക്കാരുമൊത്ത് ബൈത്ത് മത്സരത്തില്‍ മാറ്റുരക്കുന്നു. ആശുപത്രി ഉദ്ഘാടനത്തിന് ചെല്ലുമ്പോള്‍ അവിടുന്ന് നഫീസത്ത് മാല ചൊല്ലും. ദിക്റുകളും പ്രകീര്‍ത്തനങ്ങളുമായി ആ ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരിക്കും. മമ്പുറം തങ്ങളുടെ സവിധത്തിലെത്തി പദ്യത്തിലും ഗദ്യത്തിലും സംവദിക്കും. പണ്ഡിത നേതാക്കള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ അവരെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യും. വേര്‍പിരിയുന്നവരെ സമസ്ത മുശാവറ അംഗമായി തുടര്‍ന്നു ആ പണ്ഡിതന്‍.

മകന്‍ കുഞ്ഞുവിനെ ഇളംപ്രായത്തില്‍ കുത്തിക്കൊന്നവരോട് പക വെച്ചുനടന്നില്ല. അതേസമയം, തന്നെ ആദര്‍ശവുമായി പകപോക്കുന്നവരോട് രാജിയാകാനും തയ്യാറായില്ല. മുദര്‍റിസായി പഠിപ്പിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിന് വെല്ലൂരിലേക്ക് പോകുന്നു. മരങ്ങള്‍ വെച്ചുപിടിപ്പിക്കും. അനാവശ്യമായി ഒരു മരവും മുറിച്ചുമാറ്റില്ല. അങ്ങനെ അങ്ങനെ…

സാമ്പ്രദായിക വ്യാഖ്യനങ്ങളില്‍ വിചിത്രമെന്ന് തോന്നാവുന്ന ഒരുപാട് അടരുകള്‍. ഇങ്ങനെയൊക്കെയാണ് ഉസ്താദ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഒരു സൂഫിയായത്. സവിസ്തരം സൂഫിയായ ഒരാള്‍. സാധാരണക്കാര്‍ക്ക് തങ്ങളിലൊരാളെന്ന് തോന്നുന്ന സൂഫി.

അറബി കവിതകള്‍ നല്ല കൈയക്ഷരത്തിലും സര്‍ഗാത്മകതയിലും ഉസ്താദ് എഴുതി. നബികീര്‍ത്തനങ്ങള്‍ക്കാണ് കവിതകളില്‍ പ്രാമാണ്യം. പിന്നെ മര്‍സിയ്യത്തുകള്‍; അനുശോചന കാവ്യം. പരിപാടിക്ക് ക്ഷണിക്കാനും സ്വാഗതമോതാനും സ്വീകരണ സമ്മേളനത്തിന് പാടാനുമൊക്കെ കവിതകള്‍ തന്നെ. നിമിഷകവിയായിരുന്നു. ആരംഭപ്പൂവായ എന്നു തുടങ്ങുന്ന നബി കീര്‍ത്തനം തന്നെ മതി എല്ലാറ്റിനുമായി. പങ്കെടുക്കുന്ന ഏത് സദസ്സിലും ഉസ്താദിന്റെ ഭക്തിസാന്ദ്രമായ ഒരു ബൈത്ത് ഉണ്ടാകും. ബുര്‍ദ വലിയ ഇഷ്ടമായിരുന്നു, അത് ചൊല്ലുന്നവര്‍ക്ക് സമ്മാനവും പ്രാര്‍ഥനയുമുണ്ടാകും. സുഹൃത്തുക്കളോട് ബുര്‍ദ ചൊല്ലിപ്പിരിയാം എന്നു പറയും. ബുര്‍ദ സദസ്സുകള്‍ പ്രചരിപ്പിക്കുന്നതില്‍ കുണ്ടൂര്‍ അവര്‍കള്‍ വലിയ പങ്ക് വഹിച്ചു. ആത്മീയ ഗുരു ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെക്കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്. കുണ്ടൂര്‍ ഉസ്താദിന്റെ കാലം കേരളത്തിലെ നബികീര്‍ത്തനങ്ങളുടെ പൂക്കാലം കൂടിയായത് അങ്ങനെയാണ്.

ഒരു ഷാളുണ്ടാകുമായിരുന്നു കൂടെ. പലപ്പോഴുമത് വെളുപ്പും കറുപ്പും കള്ളിയായിരുന്നു. ചിലപ്പോള്‍ ചുവന്നതുമായരിക്കും. റസൂലിനെ പ്രകീര്‍ത്തിച്ച കഅബ്(റ)ന് തിരുദൂതര്‍ സമ്മാനിച്ചത് ഷാളായിരുന്നെന്ന് ചരിത്രം. അങ്ങനെ വരുമ്പോള്‍ നബി കീര്‍ത്തനം കൂടെ കൊണ്ട് നടന്ന കുണ്ടൂര്‍ ഉസ്താദ് ഒരു ഷാള്‍ കൊണ്ടുനടന്നതിനും ഒരാന്തരികാര്‍ഥമുണ്ടല്ലോ.

‘ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തി, ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി’യെന്ന് പാടിനടന്ന് റബീഉല്‍ അവ്വലിനെ ആമോദത്തോടെ വരവേറ്റ ഉസ്താദ്; ആ മാസത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് തന്നെ അങ്ങനെ കണ്‍മറഞ്ഞു.

---- facebook comment plugin here -----

Latest