Connect with us

Uae

വരുംകാല വാഹനങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രദർശനം

ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനോടനുബന്ധിച്ചായിരുന്നു പ്രദർശനം.

Published

|

Last Updated

ദുബൈ| ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രദർശനം വരും കാല ഗതാഗത സൗകര്യങ്ങളുടെ വിസ്മയം പകരുന്നതായി.ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനോടനുബന്ധിച്ചായിരുന്നു പ്രദർശനം. പറക്കും ടാക്‌സി, ഡെലിവറി വാൻ, പേടകം, ആഡംബര കാർ എന്നിങ്ങനെ നിരവധി വാഹനങ്ങളാണ് സന്ദർശകരെ വരവേറ്റത്. ആർ ടി എ ചലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് കോൺഗ്രസിൽ മാറ്റുരച്ചവയും പ്രദർശനത്തിലുണ്ടായിരുന്നു. 43 മോഡലുകളാണ് അണിനിരന്നത്. സ്വയം നിയന്ത്രിത വാഹനങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒത്തുചേരലുകളിൽ ഒന്നിനാണ് ദുബൈ ആതിഥ്യം വഹിക്കുന്നതെന്ന് ആർ ടി എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.

ഗതാഗത ചെലവുകൾ കുറക്കുക, സുരക്ഷ മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുക എന്നിവയ്ക്കുള്ള നഗരത്തിന്റെ ദീർഘകാല ആസൂത്രണത്തെ ഈ സംരംഭം നേരിട്ട് പിന്തുണക്കുന്നു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് രണ്ട് ദിവസത്തെ പരിപാടി. “ഗതാഗതം പുനർനിർവചിക്കുന്നു…  സ്വയംനിയന്ത്രിത വാഹനങ്ങളിലേക്ക് പാത’ എന്ന സന്ദേശത്തിലാണ് കോൺഗ്രസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, അത്യാധുനിക സാങ്കേതികവിദ്യകളുടെ ഡെവലപ്പർമാർ എന്നിവരുൾപ്പെടെ 3,000-ത്തിലധികം പേർ കോൺഗ്രസിനെത്തി.

ബൈഡു അപ്പോളോ ഇന്റർനാഷണൽ, ഉബർ, പോണി ഐ, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാർ പ്രദർശകരിൽ ഉൾപ്പെടുന്നു. 2026-ഓടെ ദുബൈയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന സ്വയം ഡ്രൈവിംഗ് വാഹനങ്ങൾ വെർച്വലായി അനുഭവിക്കാനുള്ള അവസരവും സന്ദർശകർക്ക് ഒരുക്കി. ഡ്രൈവറില്ലാ വാഹനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന സംവിധാനം യു എ ഇയിൽ താമസിയാതെ വ്യാപകമാകും. അത്തരമൊരു വാഹനം വി റൈഡ് പ്രദർശിപ്പിച്ചു. ഡെലിവറി ചെയ്യുന്ന കുറച്ച് ഓട്ടോണമസ് ട്രക്കുകൾ അബൂദബി മസ്ദാർ സിറ്റിയിൽ ഇതിനകം സജീവമാണ്.

ആദ്യ വെർട്ടിപോർട്ട് തയാറാകുന്നു

ആർ ടി എ പറക്കും ടാക്‌സി പ്രദർശിപ്പിച്ചു. യു എ ഇയുടെ ആദ്യ വെർട്ടിപോർട്ട് ദുബൈയിൽ തയാറാകുന്നു. ദുബൈ ഇന്റർനാഷണൽ വെർട്ടിപോർട് അഥവാ ഡി എക്‌സ് വി എന്നാണ് നാമകരണം. യു എ ഇയിലെ പറക്കും ടാക്‌സികൾക്കായുള്ള ആദ്യ വാണിജ്യ വെർട്ടിപോർട്ടാണിത്. രൂപകൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിന് (ഡി എക്‌സ് ബി) സമീപമാണ് നിർമാണം. 2026 ൽ പ്രവർത്തനം ആരംഭിക്കും. ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവക്കുള്ള നിയുക്ത മേഖലയാണിത്. പുതുതായി സ്ഥാപിതമായ യു എ ഇ വെർട്ടിപോർട്ട് റെഗുലേഷൻസിന് കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ലംബ വിമാനത്താവളമായി ദുബൈ മാറി. സാങ്കേതിക രൂപകൽപ്പനക്ക് പച്ചക്കൊടി കാണിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ അംഗീകാരം സ്‌കൈപോർട്ട്‌സ് ഇൻഫ്രാസ്ട്രക്ചർ (സ്‌കൈ പോർട്ട്‌സ്) സൗകര്യത്തിന്റെ വികസനം വ്യാപകമായി തുടരാൻ ഇടയാക്കും.

ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ), ജോബി ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് സ്‌കൈപോർട്ട്‌സ്. യു എ ഇയിൽ എയർ ടാക്‌സിഇൻഫ്രാസ്ട്രക്ചർ ശൃംഖലയിലെ നാല് സൈറ്റുകളിൽ ആദ്യത്തേതാണ് ദുബൈ. “സാങ്കേതിക രൂപകൽപ്പന അംഗീകാരം രാജ്യത്തിന്റെ നിയന്ത്രണ ചട്ടക്കൂടിലെ ഒരു നിർണായക നാഴികക്കല്ലാണ്’ എന്ന് സ്‌കൈപോർട്‌സ് അധികൃതർ പറഞ്ഞു. “ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾക്കുള്ള ദുബൈയുടെ ആഗോള പ്രശസ്തി നിലനിർത്തും. വ്യോമയാനത്തിലെ നവീകരണത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടും.’ അവർ കൂട്ടിച്ചേർത്തു.

2026ലാണ് എയർ ടാക്‌സികൾ ആരംഭിക്കുക. ഡിഎക്‌സ് വി വെർട്ടിപോർട്ട് രൂപകൽപ്പനക്ക് അംഗീകാരം നൽകുന്നത് “നഗര മൊബിലിറ്റിയെ പുനർനിർവചിക്കുകയും ഉയർന്നുവരുന്ന വ്യോമയാന സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിനുള്ള ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യും.’ എന്ന് ജി സി എ എ ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

 

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest