From the print
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വ്യാപകം; യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം
മുമ്പെങ്ങുമില്ലാത്ത വിധം ഇത്തവണ സഖ്യകക്ഷി എന്ന് തോന്നിപ്പിക്കും വിധം സീറ്റ് ധാരണകള്‍ വരുന്നതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.
മലപ്പുറം | വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫിന്റെ സീറ്റ് ധാരണകളിൽ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും മുമ്പെങ്ങുമില്ലാത്ത വിധം ഇത്തവണ സഖ്യകക്ഷി എന്ന് തോന്നിപ്പിക്കും വിധം സീറ്റ് ധാരണകള്‍ വരുന്നതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.
വലിയ വോട്ട് സ്വാധീനമൊന്നും മലപ്പുറം ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കില്ല. മുന്നണികളുമായി നീക്കുപോക്കുണ്ടാക്കുമ്പോഴാണ് വെല്‍ഫെയര്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കാറുള്ളത്. വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് വിജയിക്കാന്‍ കഴിയുന്ന തരത്തിൽ വോട്ട് സ്വാധീനമുള്ളത്. ഇങ്ങനെയിരിക്കെ ജില്ലയില്‍ വ്യാപകമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സീറ്റ് ധാരണയാകുന്നതാണ് യു ഡി എഫിനകത്ത് തന്നെ മുറുമുറുപ്പുണ്ടാക്കുന്നത്.
മലപ്പുറത്ത് യു ഡി എഫിന്റെസീറ്റ് വീതംവെപ്പില്‍ ചിലയിടങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സ് മുസ്‌ലിംലീഗിനെതിരെ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കി ജനകീയ മുന്നണി എന്ന നിലയില്‍ തിരഞ്ഞെടുപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ലീഗ് കോണ്‍ഗ്രസ്സിനെ തഴഞ്ഞ് വെല്‍ഫെയറുമായി ധാരണയുണ്ടാക്കുന്നതായി കോണ്‍ഗ്രസ്സും ആരോപിക്കുന്നുണ്ട്.
സംസ്ഥാന തലത്തില്‍ വെല്‍ഫെയറുമായി സഹകരണമാകാമെന്ന യു ഡി എഫ് തീരുമാനം കൂടിയായതോടെ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയൊരു കൂട്ടുകെട്ടാണ് വെല്‍ഫെയറുമായി ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ രൂപംകൊള്ളുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇത് കൂടുതല്‍ വെളിപ്പെട്ടുവരികയാണ്.
ജില്ലയില്‍ നിലവില്‍ 19 ഇടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അംഗങ്ങളുണ്ട്. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, നന്നമ്പ്ര, പറപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ യു ഡി എഫ് ഭരണസമിതികളില്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും വെല്‍ഫെയറിനുണ്ട്. വെല്‍ഫെയര്‍ സ്ഥാനാര്‍ഥികളെ പരസ്യമായി രംഗത്തിറക്കിയാല്‍ തിരിച്ചടിയാകുമെന്ന് ഭയമുള്ള സ്ഥലങ്ങളില്‍ “യു ഡി എഫ് സ്വതന്ത്രര്‍’ പരിവേഷം നല്‍കിയാണ് കളത്തിലിറക്കുന്നത്.
പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തില്‍ ലീഗിനെതിരെ സി പി എമ്മുമായി കൈകോര്‍ത്ത് ജനകീയ മുന്നണിയുമായാണ് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെ വെല്‍ഫെയർ പാര്‍ട്ടിയുമായി സഖ്യത്തിലെത്തി ലീഗ് കോണ്‍ഗ്രസ്സിനെ ബോധപൂര്‍വം തഴയുകയാണെന്നും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ തവണയും ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചതും പൊന്‍മുണ്ടം പഞ്ചായത്ത് സ്വന്തമാക്കിയതും. മമ്പാടും അങ്ങാടിപ്പുറത്തും ഇത്തവണയും വെല്‍ഫെയറുമായി കൂട്ടുകെട്ടുണ്ട്. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിന്റെ സമ്മർദം ശക്തിയാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സീറ്റ് ധാരണയില്‍ ഇവര്‍ കൂടി പിടിമുറുക്കിയത് പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.
മങ്കട ഗ്രാമ പഞ്ചായത്തില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റായ കൂട്ടില്‍ പതിനൊന്നാം വാര്‍ഡ് ലീഗ് വെല്‍ഫെയറിന് നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കര്‍ക്കിടകം വാര്‍ഡായിരുന്നു യു ഡി എഫ് വെല്‍ഫെയറിന് നല്‍കിയിരുന്നത്. വലിയ വോട്ട് വ്യത്യാസത്തില്‍ വെല്‍ഫെയര്‍ ഇവിടെ പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇത്തവണ സിറ്റിംഗ് സീറ്റ് തന്നെ ലീഗ് നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
തിരൂര്‍ നഗരസഭയില്‍ ലീഗിന്റെ ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചേക്കും. മമ്പാട് ഗ്രാമപഞ്ചായത്തില്‍ ലീഗിന്റെ സീറ്റായ ഇപ്പുട്ടിങ്ങല്‍ വാര്‍ഡിലും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കും. തിരൂരങ്ങാടി നഗരസഭയിലെ ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് ഈ സീറ്റ് നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും ഒരു സീറ്റ് വെല്‍ഫെയർ പാര്‍ട്ടിക്ക് നല്‍കുകയും അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ജില്ലയില്‍ യു ഡി എഫ് ജമാഅത്തെ ഇസ്്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടു കൂടുന്നത്.
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ ധാരണയായത് മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന ആശങ്ക കോണ്‍ഗ്രസ്സിനും ലീഗിനുമുണ്ട്.



