Connect with us

Kerala

സമസ്ത നേതാക്കള്‍ വണ്‍ ഡ്രോപ്പ് കാമ്പയിനില്‍ പങ്കാളികളായി

സ്റ്റഡി സെന്ററുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്  |  എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘വണ്‍ ഡ്രോപ്പ് ഫ്യൂച്ചര്‍ ഇന്ത്യ’ കാമ്പയിനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ പങ്കാളികളായി. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ സുലൈമാന്‍ മുസ്ലിയാര്‍ തന്റെ വസതിയില്‍ വച്ച് വണ്‍ ഡ്രോപ്പ് ഫ്യൂച്ചര്‍ ഇന്ത്യ ആപ്പ് വഴി ഡൊണേഷന്‍ നല്‍കിയാണ് കാമ്പയിനിന്റെ ഭാഗമായത്. പാവപ്പെട്ടവരെയും മാറ്റിനിര്‍ത്തപ്പെട്ടവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് സഹായം നല്‍കുന്ന ഈ പദ്ധതി ഏറ്റവും മികച്ചതാണെന്നും എല്ലാവിധ പിന്തുണ നല്‍കുന്നു എന്നും ഉസ്താദ് പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള മുഴുവന്‍ ഘടകങ്ങളും സംഘടനകളും പ്രവര്‍ത്തകരും ഈ കാമ്പയിനിന്റെ ഭാഗമാകണമെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ഉസ്താദ് ആഹ്വാനം ചെയ്തു. സമൂഹത്തെ തൊട്ടറിഞ്ഞ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് എസ് എഫ് എല്ലാകാലത്തും ജനങ്ങള്‍ക്ക് മാതൃകയാണെന്ന് ഉസ്താദ് കൂട്ടിച്ചേര്‍ത്തു.

സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പണ്ഡിതന്മാരും വിവിധ സംഘടനാ നേതാക്കളും ഇതിനോടകം തന്നെ പദ്ധതിയുടെ ഭാഗമായി.

വണ്‍ ഡ്രോപ്പ് ഫ്യൂച്ചര്‍ ഇന്ത്യ കാമ്പയിന്‍ കാലം ആവശ്യപ്പെടുന്ന പദ്ധതിയാണെന്നും ഇത് ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ മുഴുവനാളുകളും മുന്നോട്ടുവരണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജൂലൈ 1 മുതല്‍ 30 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികള്‍ നടന്നുവരുന്നു. ഇന്ത്യയില്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി സമൂഹത്തിന്റെ ഉന്നത മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് കാമ്പയിനിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എസ് എസ് എഫ് വണ്‍ ഡ്രോപ്പ് ഫ്യൂച്ചര്‍ ഇന്ത്യ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമ്പയിനിലേക്ക് ഡൊണേഷന്‍ നല്‍കാവുന്നതാണ്. സ്റ്റഡി സെന്ററുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest