Kerala
ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിക്കുന്നത്

കണ്ണൂര്‍ | ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ ന്യൂമാഹിയില്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിക്കുന്നത്
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.. ഇതില്‍ രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു.
ജനുവരി 22-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ജൂലായില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ 44 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു.
2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചായിരുന്നു കൊലപാതകം.മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. പള്ളൂര്‍ കോയ്യോട് തെരുവിലെ ടി സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍കെ സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെകെ മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടിപി ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.