National
ടാങ്കില്‍ അഴുകിയ മൃതദേഹം; 10 ദിവസം യുപിയിലെ കോളജിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉപയോഗിച്ചത് ഇതേ വെള്ളം
പൂട്ടിയിടേണ്ടിയിരുന്ന അഞ്ചാം നിലയിലെ ടാങ്ക് തുറന്ന നിലയിലായിരുന്നു എന്ന് കണ്ടെത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാര്‍ ബര്‍ണ്‍വാളിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ദിയോറിയ| ഉത്തര്‍പ്രദേശിലെ മഹാമഹര്‍ഷി ദേവരഹ ബാബ മെഡിക്കല്‍ കോളജിലെ വെള്ളം ശേഖരിച്ച ടാങ്കില്‍ പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം. ഈ ടാങ്കിലെ വെള്ളമാണ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉപയോഗിച്ചിരുന്നത്. വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ക്ലീനിംഗ് ജീവനക്കാര്‍ അഞ്ചാം നിലയിലുള്ള സിമന്റ് ടാങ്ക് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തി. അഴുകി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം.
പോലീസ് എത്തി രാത്രി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഈ ദിവസങ്ങളില്‍ ഒപിഡിയിലും വാര്‍ഡ് കെട്ടിടങ്ങളിലും വെള്ളം എത്തിച്ചത് ഈ ടാങ്കില്‍ നിന്നായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സംഭവം പുറത്തുവന്നതോടെ ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിനെ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാര്‍ ബര്‍ണ്‍വാളിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഏറ്റാ മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം തലവനായ ഡോ. രജനിയെ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ പകരം പ്രിന്‍സിപ്പലായി നിയമിച്ചു.
ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയ ഡി എം ദിവ്യ മിത്തല്‍, പൂട്ടിയിടേണ്ടിയിരുന്ന അഞ്ചാം നിലയിലെ ടാങ്ക് തുറന്ന നിലയിലായിരുന്നു എന്ന് കണ്ടെത്തി. ടാങ്ക് നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ടാങ്കറുകള്‍ വഴി കോളജില്‍ കുടിവെള്ളം എത്തിച്ചു തുടങ്ങി. ചീഫ് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.